ജില്ലയിലെ കായിക പ്രേമികളുടെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളക്കുന്നു. കല്‍പ്പറ്റ മരവയലിലെ എം.കെ ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയം തിങ്കളാഴ്ച കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നാടിന് സമര്‍പ്പിക്കും. 18.67 കോടി രൂപ ചെലവിലാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്.വൈകീട്ട് 4 ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ടി.സിദ്ദിഖ് എം.എല്‍.എ. അധ്യക്ഷനാവും.ഉദ്ഘാടനദിവസം അന്തര്‍ദേശീയ കായികതാരങ്ങളെ ഉള്‍പ്പെടുത്തി മാനന്തവാടി പഴശ്ശിപാര്‍ക്കില്‍നിന്നും ബത്തേരി, വൈത്തിരി എന്നിവിടങ്ങളില്‍നിന്നും മുണ്ടേരി സ്റ്റേഡിയംവരെ ദീപശിഖപ്രയാണം നടക്കും.
രാഹുല്‍ ഗാന്ധി എം.പി, എം.എല്‍.എമാരായ ഒ ആര്‍ കേളു, ഐ.സി ബാലകൃ്ഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ ഗീത, കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് മേഴ്സി കുട്ടന്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മൂജീബ് കേയംതൊടി, മുന്‍ എം.എല്‍ എ സി .കെ ശശീന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. കായിക യുവജന ഡയറക്ടര്‍ എസ് .പ്രേം കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികള്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പ്രമുഖ കായിക താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലയില്‍നിന്നുള്ള ഒളിമ്പ്യന്മാരായ ടി. ഗോപി, ഒ.പി. ജെയ്ഷ, മഞ്ജിമ കുര്യാക്കോസ് എന്നിവര്‍ചേര്‍ന്ന് സ്റ്റേഡിയത്തില്‍ ദീപശിഖ തെളിയിക്കും. തുടര്‍ന്ന് ആയോധന കലകളുടെ പ്രദര്‍ശനവും സംഗീതവിരുന്നും നടക്കും. വൈകീട്ട് 6.30-ന് കേരള പോലീസ്, യുണൈറ്റഡ് എഫ്.സി. ടീമുകളുടെ പ്രദര്‍ശന ഫുട്‌ബോള്‍മത്സരവും നടക്കും.
ദേശീയ നിലവാരത്തിലുള്ള മത്സരങ്ങള്‍ നടത്തുന്നതിന് പര്യാപ്തമായ എട്ട് ലൈനുകളുള്ള 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്ബോള്‍ ഗ്രൗണ്ട്, 26,900 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വി.ഐ.പി. ലോഞ്ച്, കളിക്കാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമുള്ള ഓഫീസ് മുറികള്‍, 9,400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹോസ്റ്റല്‍ കെട്ടിടം, പൊതു ശൗചാലയം, ജലവിതരണ സംവിധാനം, മഴവെള്ള സംഭരണി, 9,500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടു നിലകളില്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയടങ്ങിയതാണ് സമുച്ചയം. സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്ക്കോയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ജില്ല രൂപവത്കരണമായതിനുശേഷം 1982 -ല്‍ ആദ്യത്തെ ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ കാലത്തുതന്നെ ഗ്രൗണ്ടിനുള്ള സ്ഥലം കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങിയിരുന്നു. 1987-ല്‍ അന്നത്തെ ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റും പൗരപ്രമുഖനുമായ എം.ജെ. വിജയപത്മന്‍ ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വകയായി ഗ്രൗണ്ടിനാവശ്യമായ എട്ടേക്കര്‍ ഭൂമി കല്പറ്റ മരവയലില്‍ വിലയ്ക്കുവാങ്ങി സ്‌പോര്‍ട്‌സ് കൗണ്‍സിലിന് സൗജന്യമായി നല്‍കുകയായിരുന്നു. 2016-ലെ സര്‍ക്കാരിന്റെകാലത്ത് അന്നത്തെ സ്ഥലം എം.എല്‍.എ. സി.കെ. ശശീന്ദ്രന്റെയും ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിന്റെയും ശ്രമഫലമായാണ് സ്റ്റേഡിയം നിര്‍മാണത്തിനാവശ്യമായ ഫണ്ടനുവദിച്ചത്.