150 വര്‍ഷമായി ഒളിവില്‍; ഒടുവില്‍ ക്യാമറയില്‍ കുടുങ്ങി ഭീമന്‍ മൂങ്ങ; അത്ഭുത കഥ

0

150 വര്‍ഷത്തോളമായി ആഫ്രിക്കന്‍ മഴക്കാടുകളില്‍ നിന്ന് അപ്രത്യക്ഷമായിരുന്ന ഭീമന്‍ മൂങ്ങയെ ഒടുവില്‍ കണ്ടെത്തി. ‘ഷെല്ലീസ് ഈഗിള്‍ ഔള്‍’ എന്നറിയപ്പെടുന്ന ഭീമന്‍ മൂങ്ങയെ ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ലൈഫ് സയന്‍സസ് വിഭാഗം ശാസ്ത്രജ്ഞരായ ഡോ.ജോസഫ് തോബിയാസ്, സോമര്‍സൈറ്റില്‍ നിന്നുള്ള സ്വതന്ത്ര പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ.റോബര്‍ട്ട് വില്യംസ് എന്നിവരാണ് കണ്ടെത്തിയത്. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഖാന വനമേഖലയിലാണ് നൂറ്റാണ്ടുകളോളം ഒളിവിലായിരുന്ന ഭീമന്‍ മൂങ്ങ ശാസ്ത്രജ്ഞരുടെ കണ്ണില്‍പെട്ടത്. കഴിഞ്ഞ ആഴ്ചയായിരുന്നു ഈ അപൂര്‍വ കാഴ്ചയ്ക്ക് അവസരമൊരുങ്ങിയത്.

പത്തോ പതിനഞ്ചോ മിനിറ്റ് മാത്രമാണ് മൂങ്ങയെ ഇവര്‍ക്ക് കാണാനായത്. ഇതിനിടെ അതിന്റെ ദൃശ്യങ്ങള്‍ വ്യക്തമായി പകര്‍ത്താന്‍ സാധിച്ചു എന്നത് ശാസ്ത്രജ്ഞര്‍ക്ക് നേട്ടമായി. കറുത്ത കണ്ണുകളും മഞ്ഞ കൊക്കും വലിയ രൂപവുമുള്ള ആ ഭീമന്‍ ഗവേഷകര്‍ കാലങ്ങളായി തേടിക്കൊണ്ടിരുന്ന അത്യപൂര്‍വ പക്ഷിയാണെന്ന് തിരിച്ചറിയാന്‍ ഈ ചിത്രങ്ങള്‍ ധാരാളമായിരുന്നു. ‘അതിന് നല്ല വലിപ്പമുണ്ടായിരുന്നു. ആദ്യം ഒരു പരുന്താണെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍, താഴത്തുള്ള മറ്റൊരു കൊമ്പിലേക്ക് മാറിയിരുന്നപ്പോള്‍ ബൈനോക്കുലര്‍ വെച്ച് ഞങ്ങളതിനെ നിരീക്ഷിച്ചു. ശരിക്കും ഞെട്ടിപ്പോയി. ആഫ്രിക്കന്‍ മഴക്കാടുകളില്‍ ഇത്രയും വലിയ മറ്റൊരു മൂങ്ങയെ ഇതുവരെ കണ്ടിട്ടില്ല. ഒട്ടും സമയം കളയാതെ ഉടന്‍ തന്നെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു’- ശാസ്ത്രജ്ഞര്‍ ആവേശത്തോടെ പറയുന്നു.

1870 മുതല്‍ ഈ ഭീമന്‍ മൂങ്ങയെ ആരും തന്നെ വ്യക്തമായി കണ്ടിട്ടില്ല. ആകെയുണ്ടായിരുന്നത് ചില അവ്യക്തമായ ചിത്രങ്ങള്‍ മാത്രമാണ്. പിന്നീട് പലരും ഭീമന്‍ മൂങ്ങയെ കണ്ടെന്ന അവകാശ വാദവുമായി രംഗത്തെത്തിയിരുന്നു എങ്കിലും തെളിവുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ആഫ്രിക്കന്‍ പക്ഷി നിരീക്ഷകരുടെ ഇടയില്‍ ഒരു അമൂല്യ വസ്തുവായി ഈ മൂങ്ങ മാറിയിരുന്നു. അതേസമയം, ഇത്രയും വലിയ രൂപം വെച്ച് ഈ ഭീമന്‍ മൂങ്ങ ആഫ്രിക്കന്‍ കാടുകളില്‍ ആരുടേയും കണ്ണില്‍ പെടാതെ എങ്ങനെ മറഞ്ഞിരിക്കുന്നു എന്ന സംശയത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. 150 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിവിലായ ആളെ കണ്ടെത്തിയതിന്റെ സന്തോഷവും ഗവേഷകര്‍ക്കുണ്ട്.

വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ഗണത്തിലാണ് ഷെല്ലീസ് ഈഗിള്‍ ഔള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഖാന വനമേഖലയില്‍ ഇത് ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് പുതിയ പ്രതീക്ഷ നല്‍കുന്നുവെന്ന് ശാസ്ത്രജ്ഞര്‍ പ്രതികരിച്ചു. നിയമവിരുദ്ധമായ മരംമുറിക്കലും ഖനനവും ഈ വനമേഖലയില്‍ ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും ഇവിടുത്തെ ഉയര്‍ന്ന പ്രദേശങ്ങള്‍ ഇപ്പോഴും നിത്യഹരിതമാണ്. ഫ്രണ്ട്സ് ഓഫ് അറ്റേവ പോലെയുള്ള പരിസ്ഥിതി ഗ്രൂപ്പുകള്‍ ഈ പ്രദേശത്തെ ഒരു ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

 

 

Leave A Reply

Your email address will not be published.

error: Content is protected !!