എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ മികച്ച വിജയം നേടാന്‍ ഇനി പത്രവായനയും അനിവാര്യം. ഈ പരീക്ഷകളില്‍ തുടര്‍മൂല്യനിര്‍ണയത്തിനു നല്‍കുന്ന 20% മാര്‍ക്കില്‍ പകുതി പത്രപുസ്തക വായനയിലെ മികവു പരിഗണിച്ചാക്കാന്‍ തീരുമാനിച്ചതായി മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ഇതിന്റെ മാര്‍ഗനിര്‍ദേശങ്ങളടങ്ങുന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉടന്‍ പുറത്തിറക്കും. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ വായനദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
നിലവില്‍ 100 മാര്‍ക്കിന്റെ പരീക്ഷയ്ക്ക് 20 മാര്‍ക്കും 50 മാര്‍ക്കിന്റെ പരീക്ഷയ്ക്ക് 10 മാര്‍ക്കുമാണു തുടര്‍മൂല്യ നിര്‍ണയത്തിലൂടെ സ്‌കൂള്‍തലത്തില്‍ നല്‍കുന്നത്. പഠനാനുബന്ധപ്രവര്‍ത്തനങ്ങളിലെ മികവു പരിഗണിച്ചാണ് ഈ മാര്‍ക്ക് നിശ്ചയിക്കുന്നത്. ഇതില്‍ 10 മാര്‍ക്ക് പത്രപുസ്തക വായനയിലുള്ള താല്‍പര്യത്തിന്റെയും മികവിന്റെയും അടിസ്ഥാനത്തില്‍ നല്‍കാനാണു തീരുമാനം. പത്രവായനയിലൂടെയും പുസ്തകവായനയിലൂടെയും സാമൂഹികാവബോധവും വിശാലമായ അറിവും നേടാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യമെന്നും വി.ശിവന്‍കുട്ടി വ്യക്തമാക്കി.