മേപ്പാടി-ചൂരൽമല റോഡ്; സർവകക്ഷി യോഗം വിളിക്കാൻ മന്ത്രി മുഹമ്മദ് റിയാസിൻ്റെ നിർദേശം

0

മേപ്പാടി- ചൂരൽമല റോഡിന്റെ നിർമാണത്തിനുള്ള തടസങ്ങൾ സർവകക്ഷിയോഗം വിളിച്ചു പരിഹരിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർദേശിച്ചു. വയനാട് ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന് കീഴിൽ നടക്കുന്ന നിർമാണ പ്രവൃത്തികൾ അവലോകനം ചെയ്യാൻ ചേർന്ന ഡിഐസിസി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. റോഡിൻ്റെ പണി അനന്തമായി വൈകുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ ഭൂമി സംബന്ധിച്ച് തടസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ എം.എൽ.എയുടെയും കളക്ടറുടെയും  നേതൃത്വത്തിൽ സർവകക്ഷി യോഗം വിളിച്ച് അതിൽ പരിഹാരം കാണണം.
ബീനാച്ചി – പനമരം റോഡിന്റെ വികസന കാര്യത്തിൽ നേരത്തെ മന്ത്രിയും എം.എൽ.എ ഉൾപ്പെടയുള്ള ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ ചില തീരുമാങ്ങൾ എടുത്തിരുന്നു.

ഇത് നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥതലത്തിൽ വലിയ വീഴ്ച ഉണ്ടായിട്ടുണ്ട്. എക്സിക്യൂട്ടീവ് എൻജിനീയർ ഇത് സംബന്ധിച്ച് ഉടൻ വിശദീകരണം നൽകണം. ജീവനക്കാരുടെ കുറവ് പരിഹരിക്കാനുള്ള തീരുമാനം ഇതിനകം കൈക്കൊണ്ടിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് ആവശ്യമായ വാഹനങ്ങൾ നൽകാനും നടപടി സ്വീകരിക്കും.

വയനാടിനെ ഒരു വിനോദ സഞ്ചാര ജില്ലയായാണ് കാണുന്നത്. അതുകൊണ്ടുതന്നെ ജില്ലയിലെ റോഡുകൾ ഗുണമേന്മ ഉറപ്പുവരുത്തി സമയബന്ധിതമായി പൂർത്തീകരിക്കേണ്ടത് വയനാടിന്റെ മാത്രമല്ല സംസ്ഥാനത്തിന്റെ ആകെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവയുടെ മുഴുവൻ പ്രവർത്തനവും യോഗത്തിൽ വിലയിരുത്തി.

ജില്ലാ കളക്ടർ എ. ഗീതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.എൽ.എമാരായ ഒ.ആർ കേളു, ടി സിദ്ദിഖ്, ഐ.സി ബാലകൃഷ്‌ണൻ, പൊതുമരാമത്തു സെക്രട്ടറി ആനന്ദ് സിങ്, ജോയിന്റ് സെക്രട്ടറി എസ്. സാംബശിവറാവു എന്നിവരും പൊതുമരാമത്ത്, കിഫ്‌ബി, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!