ചീയമ്പം 73 ആനപ്പന്തി പ്രദേശം കടുവാഭീതിയില്‍

0

പൂതാടി ഗ്രാമപഞ്ചായത്തിലെ ചീയമ്പം 73 ആനപ്പന്തി പ്രദേശം കടുവാഭീതിയില്‍. ആനപ്പന്തി കോളനിയില്‍ കഴിഞ്ഞ ദിവസമിറങ്ങിയ കടുവ രണ്ട് ആടുകളെ ആക്രമിച്ച് കൊന്നതോടെയാണ് വീണ്ടും ചീയമ്പം 73 മേഖല കടുവാഭീതിയിലായിരിക്കുന്നത്.കോളനിയിലെ അനിത, സതീഷ് എന്നിവരുടെ ആടുകളെയാണ് ഇക്കഴിഞ്ഞ ദിവസം വൈകിട്ടോടെ കടുവ കൊന്നത്. ഒരു മാസത്തിനിടെ പത്തോളം വളര്‍ത്തുമൃഗങ്ങളെയാണ് കടുവ ഈ പ്രദേശത്ത് നിന്നും പിടികൂടിയതെന്നും നാട്ടുകാര്‍ പറയുന്നു. ആടുകളെ കൊന്നതോടെ ഈ വീടിന് സമീപത്തായി വനംവകുപ്പ് ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തിവരികയാണ്. എന്നാല്‍ പ്രദേശത്ത് കൂട് സ്ഥാപിച്ച് കടുവയെ പിടികൂടണമെന്നാണ് നാട്ടുകാര്‍ മുന്നോട്ടുവെക്കുന്ന ആവശ്യം.പട്ടാപ്പകല്‍ പോലും ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. തൊഴിലാളികള്‍ക്ക് രാവിലെ ജോലിക്ക് പോകാന്‍ പോലും ഭയമാണ്. സന്ധ്യമയങ്ങിയാല്‍ പ്രദേശവാസികള്‍ പുറത്തിറങ്ങാറില്ല. മാസങ്ങള്‍ക്ക് മുമ്പാണ് ചീയമ്പം 73 പ്രദേശത്ത് നിന്നും പെണ്‍കടുവയെ കൂട് വെച്ച് പിടികൂടിയത്. അന്ന് നിരവധി വളര്‍ത്തുമൃഗങ്ങളെയായിരുന്നു കടുവ കൊന്നത്. വനമേഖലയായ ചീയമ്പം 73, ആനപ്പന്തി പ്രദേശങ്ങളിലെ കുടുംബങ്ങളില്‍ ഭൂരിഭാഗവും ഗോത്രകുടുംബത്തില്‍പ്പെട്ടവരാണ്. അടച്ചുറപ്പുള്ള വീട് പോലും പലര്‍ക്കുമില്ല. ഇവിടെ പാതിവഴിയില്‍ നിര്‍മ്മാണം നിലച്ച മുപ്പതിലേറെ വീടുകളാണുള്ളത്.പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് മറച്ച വീടുകളടക്കം ഇവിടുത്തെ കാഴ്ചയാണ്. ചീയമ്പം 73നോട് ചേര്‍ന്നു കിടക്കുന്ന ആനപ്പന്തി മുതല്‍ ഇരുളം പാമ്പ്ര വരെയുള്ള പ്രദേശങ്ങളില്‍ കടുവാശല്യം രൂക്ഷമാണ്. വനത്തിനൊപ്പം കാപ്പിത്തോട്ടവും നിറഞ്ഞ പ്രദേശമാണ് ചീയമ്പം 73, ആനപന്തി മേഖലകള്‍. ഈ തോട്ടത്തില്‍ നേരത്തെ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. പലപ്പോഴും കാപ്പിത്തോട്ടത്തില്‍ പതുങ്ങിയിരിക്കുന്ന കടുവകളാണ് മേയാന്‍ വിടുന്ന ആടിനെയും പശുവിനെയും ആക്രമിക്കുന്നത്. പകല്‍സമയത്ത് പോലും ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പേടിയാണ്. ഏത് സമയത്തും കടുവയുടെ ആക്രമണമുണ്ടാകാമെന്ന ഭയമാണ് അതിന് പ്രധാനകാരണം.
ഇത്തവണ കടുവയെത്തിയത് വനമേഖലയില്‍ നിന്ന് തന്നെയാണ് വനത്തിനോട് ചേര്‍ന്നുകിടക്കുന്ന വീട്ടിലെ ആടുകളെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായ കടുവയെ എത്രയും വേഗം പിടികൂടി ആശങ്കയകറ്റണമെന്നാണ് നാട്ടുകാര്‍ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!