ഉള്ളി വില കുത്തനെ കൂടുമെന്ന് റിപ്പോര്‍ട്ടുകള്‍; ആശങ്കയില്‍ ചെറുകിട വ്യാപാരികള്‍

0

രാജ്യത്ത് ഉള്ളി വില കുത്തനെ കൂടുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ മാസം അവസാനത്തോടെ കിലോയ്ക്ക് 30 രൂപ വരെ വര്‍ധിച്ചേക്കുമെന്നാണ് വിപണി വിദഗധരുടെ നീരിക്ഷണം. കനത്ത മഴയിലെ കൃഷിനാശവും വിളവെടുപ്പ് വൈകുന്നതും വിലക്കയറ്റത്തിന് കാരണമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ വില നിയന്ത്രണത്തിന് വേണ്ട നടപടികള്‍ എടുത്തെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

ദില്ലിയിലെ ചില്ലറ വിപണയില്‍ നിലവില്‍ 40 രൂപയാണ് ഉള്ളിക്ക് വില. കനത്ത മഴയും എണ്ണവില കൂടുന്നതും വരും മാസങ്ങളില്‍ വില കൂടാനുള്ള സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലാണ് പ്രധാനമായും ഉള്ളി കൃഷി ചെയ്യുന്നത്. ഈ പ്രദേശങ്ങളിലുണ്ടായ പ്രകൃതിക്ഷോഭവും കനത്ത മഴയും കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഉള്ളി വില കുത്തനെ കൂടിയിരുന്നു. ദില്ലിയില്‍ പലയിടങ്ങളിലും കിലോയ്ക്ക് 150 രൂപ വരെ എത്തി. സമാന സാഹചര്യം ഈ വര്‍ഷമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് വിപണിയിലെ വില നിലവാരത്തെ കുറിച്ച് പഠിക്കുന്ന ഏജന്‍സിയായ ക്രിസിലും വ്യക്തമാക്കുന്നു. വിപണിയിലും ഇതിന്റെ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയെന്ന് വ്യാപാരികള്‍ പറയുന്നു. ഉള്ളി വില കൂടിയേക്കുമെന്ന സൂചനകള്‍ ചെറുകിട വ്യാപാരികളെയും ഹോട്ടല്‍ ഉടമകളെയും ആശങ്കയിലാക്കിയിട്ടുണ്ട്. അതേസമയം കുടുംബ ബജറ്റ് താളം തെറ്റാതിരിക്കാനുള്ള നപടികള്‍ സ്വീകരിക്കുമന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!