കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിനേഷന്‍ സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അടുത്ത മാസം കോളേജുകള്‍ തുറക്കുന്നതിനാല്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് വാക്സിനേഷന്‍ സൗകര്യം ഒരുക്കുന്നത്. കോളേജുകളില്‍ എത്തുന്നതിന് മുമ്പ് ഒരു ഡോസ് വാക്സിനെങ്കിലും എടുക്കണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. വാക്സിന്‍ എടുക്കേണ്ട വിദ്യാര്‍ഥികള്‍ വാക്സിനായി ആരോഗ്യ പ്രവര്‍ത്തകരെയോ ആശ പ്രവര്‍ത്തകരെയോ ബന്ധപ്പെടണം.
ഒക്ടോബര്‍ 4 നാണ് കോളേജുകള്‍ തുറക്കുക. അവസാന വര്‍ഷ ഡിഗ്രി, പി ജി ക്ലാസ്സുകളാണ് തുടങ്ങുന്നതെന്ന് മന്ത്രി. കൊവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചാണ് കോളേജുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. കോളജുകളിലേയും സാങ്കേതിക സ്ഥാപനങ്ങളിലേയും അവസാന രണ്ട് സെമസ്റ്റര്‍ ക്ലാസുകളാണ് ആരംഭിക്കുക. ഷിഫ്റ്റ് അല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസുകള്‍ നടത്താനാണ് നീക്കം. പകുതി വീതം വിദ്യാര്‍ഥികള്‍ക്ക് ഇടവിട്ട ദിവസം ക്ലാസ് എന്ന തരത്തില്‍ നടപടി സ്വീകരിക്കും.
സമയം സംബന്ധിച്ച കാര്യങ്ങളില്‍ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം. കഴിഞ്ഞ വര്‍ഷം ക്രമീകരിച്ച അതേ രീതിയില്‍ തന്നെയായിരിക്കും ക്ലാസുകള്‍ ക്രമീകരിക്കുക. മുഴുവന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വാക്‌സിന്‍ ഉറപ്പാക്കും. വിശദ തീരുമാനത്തിന് ക്ലാസുകള്‍ തുടങ്ങുന്നതിന് മുന്‍പായി മറ്റന്നാള്‍ പ്രിന്‍സിപ്പല്‍മാരുടെ യോഗം ചേരും.