കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചെങ്കിലും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും. എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചു. തിങ്കളാഴ്ച രാവിലെ 11ന് ഉന്നതതലയോഗം ചേരുമെന്നും മന്ത്രി. വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എസ്എസ്എല്‍സി പാഠഭാഗം ഫെബ്രുവരി ആദ്യം പൂര്‍ത്തിയാക്കും. പ്ലസ് ടു പാഠഭാഗം ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് തീരുമാനം. 10,11, 12 ക്ലാസ്സുകള്‍ക്കുള്ള മാര്‍ഗരേഖ പുതുക്കും. ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കുള്ള ടൈംടേബിള്‍ പരിഷ്‌കരിക്കും.
ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് പ്രത്യേക ടൈംടേബിള്‍ തയ്യാറാക്കും. ഇത് ഉടന്‍ പുറത്തിറക്കും. സ്‌കൂളുകളില്‍ കോവിഡ് വ്യാപനം രൂക്ഷമല്ല. എങ്കിലും കുട്ടികളുടെ ആരോഗ്യകാര്യങ്ങളില്‍ സര്‍ക്കാരിന് പരീക്ഷണം നടത്താനാകില്ല. അതുകൊണ്ടാണ് സ്‌കൂള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്. സ്‌കൂള്‍ അടയ്ക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തുകഴിഞ്ഞു. ഇത് സിബിഎസ്ഇ, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയിലെ സ്‌കൂളുകള്‍ക്കും ബാധകമാണ്. ആര്‍ക്കും മാറി നില്‍ക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു.