ബദല്‍ പാത: വഴി തിരിച്ചു വിടാന്‍ നീക്കം പിന്‍വാങ്ങണമെന്ന് ആക്ഷന്‍ കമ്മിറ്റി

0

ദേശീയപാത 766 ലെ രാത്രി യാത്രാ നിരോധനം പരിഹരിക്കാന്‍ കോഴിക്കോട്- മൈസൂര്‍ ദേശീയപാതയ്ക്ക് കുട്ട ഗോണിക്കുപ്പ വഴി ബദല്‍ പാത വികസിപ്പിക്കാന്‍ പദ്ധതിരേഖ നിര്‍ണ്ണയിക്കുന്ന പ്രവര്‍ത്തിയില്‍ നിന്ന് ദേശീയപാത അതോറിറ്റി പിന്‍ വാങ്ങണമെന്ന് നീലഗിരി- വയനാട് എന്‍.എച്ച് ആന്റ് റയില്‍വേ ആക്ഷന്‍ കമ്മിറ്റി. കുട്ട-ഗോണിക്കുപ്പ വഴിയുള്ള ബദല്‍പാത ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനത്തിന് പരിഹാരമാവില്ല. എന്‍ എച്ച് 766 വഴിതിരിച്ചുവിടാനുള്ള ചില തല്‍പ്പരകക്ഷികളുടെ ഗൂഢാലോചനയും അവിഹിത സ്വാധീനവുമാണ് ഈ നീക്കത്തിനു പിന്നിലെന്നുമാണ് ആരോപണം.

ദേശീയപാത 766ലെ രാത്രിയാത്ര നിരോധനത്തിന് പരിഹാരം കാണുന്നതിനായി കുട്ട- ഗോണിക്കുപ്പ വഴിയുള്ള പാതയ്ക്കായി ഡിപിആര്‍ തയ്യാറാക്കുന്നതായി ദേശീയപാത കേന്ദ്രഅതോറിറ്റിയുടെ അറിയിപ്പുപുറത്തുവന്നതോടെയാണ് ഈ നീക്കത്തിനെതിരെ ആക്ഷന്‍കമ്മറ്റി രംഗത്തെത്തിയിരക്കുന്നത്. രാത്രിയാത്രാ നിരോധന പ്രശ്നത്തിന് പരിഹാരം കാണാനുള്ള എല്ലാ നീക്കങ്ങളെയും ഇതിനെതിരെ പ്രവര്‍ത്തിക്കുന്ന ലോബി അട്ടിമറിക്കുകയാണ് . കുട്ട ഗോണിക്കുപ്പ പാത വയനാട് വന്യജീവി സങ്കേതത്തിലും നാഗര്‍ഹോള രാജീവ് ഗാന്ധി ദേശീയ ഉദ്യാനത്തിലും കുടകിലെ അതീവ പരിസ്ഥിതി ദുര്‍ബല മേഖലകളിലും കൂടി കടന്നുപോകുന്ന പാതയാണ്. എന്നാല്‍ ഇത് മറച്ചുവെക്കാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അവിഹിതമായി സ്വാധീനിച്ച്, കര്‍ണാടക ഹൈക്കോടതിയെയും സുപ്രീം കോടതിയേയും പോലും തെറ്റിദ്ധരിപ്പിച്ചാണ് ഈ തല്‍പ്പര കക്ഷികള്‍ അനുകൂല ഉത്തരവുകള്‍ നേടിയെടുക്കുന്നതെന്നാണ് ആക്ഷന്‍കമ്മറ്റിയുടെ ആരോപണം. ഈ ഗൂഢ നീക്കങ്ങള്‍ ചെറുക്കാന്‍ കേരള സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണം. രാത്രിയാത്രാനിരോധന പ്രശ്നം പരിഹരിക്കുന്നതിന് മേല്‍പ്പാലങ്ങള്‍ നിര്‍മ്മിച്ച് പെഞ്ച് മാതൃകയിലുള്ള പരിഹാരം കണ്ടെത്തുന്നതിന് ശക്തമായ ഇടപെടല്‍ കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം. ബദല്‍പാത മാത്രമേ പരിഗണിക്കൂ എന്ന നിലപാടില്‍ കേന്ദ്ര, കര്‍ണാടക സര്‍ക്കാരുകള്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ പ്രായോഗിക പരിഹാരം എന്ന നിലയില്‍ സുല്‍ത്താന്‍ബത്തേരി – ചിക്കബര്‍ഗി പാത ബദല്‍ പാതയായി നിര്‍ദ്ദേശിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നുമാണ് ആക്ഷന്‍കമ്മിറ്റി ആവശ്യപ്പെടുന്നത്. കുട്ടാ ഗോണിക്കുപ്പ ബദല്‍ പാതയ്ക്ക് പദ്ധതിരേഖ തയ്യാറാക്കുന്ന പ്രവര്‍ത്തി അടിയന്തരമായി നിര്‍ത്തിവെക്കാനും സുല്‍ത്താന്‍ബത്തേരി ചിക്കബര്‍ഗ്ഗി പാതയുടെ പദ്ധതി രേഖ തയ്യാറാക്കാനും ദേശീയപാത അതോറിറ്റിക്ക് കേരള സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും നീലഗിരി വയനാട് എന്‍.എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കോഴിക്കോടിനെയും മൈസൂരുവിനെയും ബന്ധിപ്പിക്കുന്നു എന്നതിനേക്കാളേറെ വയനാടിന്റെ ജീവനാഡി കൂടിയാണ് ദേശീയപാത 766 എന്നും അത് കുട്ട- ഗോണിക്കുപ്പ വഴി തിരിച്ചുവിടുന്നത് വയനാടിനെ തകര്‍ത്തുകളയും എന്നും സുപ്രീം കോടതിയെയും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തെയും ബോധ്യപ്പെടുത്താന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കണമെന്നുമാണ് ആവശ്യമുയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!