കൊവിഡ് രോഗികള്‍ കൂടുന്നു, അതീവജാഗ്രത വേണം; കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി

0

 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എന്നാല്‍, കൊവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഒഴിവാക്കണം. കുട്ടികളെ കഴിവതും പുറത്തേക്ക് കൊണ്ടുപോകാതിരിക്കണം. അവര്‍ക്ക് വാക്‌സീനെടുത്തിട്ടില്ല എന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കണം. കൊവിഡ് രണ്ടാം തരംഗത്തില്‍ കേരളത്തില്‍ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മെയ് 12ന് ആയിരുന്നു. അന്ന് 29.76 ആയിരുന്നു ടിപിആര്‍. ഇത് പത്തിനടുത്തേക്ക് കുറച്ചുകൊണ്ടുവരാന്‍ നമുക്കായി. രോഗികളുടെ എണ്ണം ഏഴിരട്ടിയോളം വര്‍ധിക്കുന്ന സാഹചര്യം വരെയുണ്ടായി. ഓണക്കാലത്തും കൊവിഡ് വ്യാപനം കൂടുതലായിരുന്നു.
ഏറ്റവും നന്നായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളമാണ്. ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം. 6ല്‍ 1 കേസ് എന്ന നിലയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 18 വയസിനു മുകളിലുള്ള 70.24% പേര്‍ക്കും ആദ്യഡോസ് വാക്‌സീന്‍ നല്‍കി. 25.51% പേര്‍ക്ക് ഇതുവരെ രണ്ടാം ഡോസ് നല്‍കി. മരണസംഖ്യ ഏറ്റവും കുറവ് കേരളത്തിലാണ്. കേരളം കൊവിഡിനെ കൈകാര്യം ചെയ്യുന്ന രീതി ശാസ്ത്രീയമാണ്. ബ്രെക് ത്രൂ ഇന്‍ഫെക്ഷന്‍ പഠനം നടത്തിയ സംസ്ഥാനമാണ് കേരളം. ഇവിടെ ഐസിയു, വെന്റിലേറ്റര്‍, ആശുപത്രി ആവശ്യം വരുന്നവരുടെ എണ്ണം വളരെ കുറവാണ്. നിലവില്‍ പൊതുമേഖലയില്‍ 75% വെന്റിലേറ്റര്‍, 43% ഐസിയു ഒഴിവുണ്ട്. 281 സ്വാകാര്യ ആശുപത്രികള്‍ ഇതിനു പുറമെ ഉണ്ട്.
വാക്‌സിന്‍ എടുത്തവര്‍ക്ക് രോഗതീവ്രത കുറവാണ്. ഹോം ഐസൊലേഷന്‍ പൂര്‍ണ തോതില്‍ ആകണം. അല്ലാത്തവര്‍ മാറ്റ് കേന്ദ്രങ്ങളിലേക്ക് മാറണം. സത്യസന്ധവും സുതാര്യവുമായാണ് കാര്യങ്ങള്‍ ചെയ്യുന്നത്. വീട്ടില്‍ സൗകര്യം ഇല്ലാത്തവര്‍ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറണം. മൂന്നാം തരംഗം തുടങ്ങിയോ എന്നത് ആരോഗ്യവകുപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനങ്ങള്‍ക്ക് കൊവിഡ് മരണനിരക്ക് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി മറുപടി നല്‍കി. സീറോ പ്രിവലന്‍സ് പഠനവും ഉദാഹരിച്ചായിരുന്നു മന്ത്രിയുടെ മറുപടി. കുറഞ്ഞ മരണനിരക്ക് കേരളത്തിലാണ്. അത് കണക്കാക്കുന്നതിന് ചില അളവുകോലുകള്‍ ഉണ്ട്. കൊവിഡ് മരണ പട്ടിക സുതാര്യമാണ്. പഴയ മരണ വിവരം പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളം സീറോ പ്രിവലന്‍സ് പഠനം നടത്തും. എല്ലാ കാര്യങ്ങളും പരിശോധിച്ചാകും ഇനിയുള്ള നിയന്ത്രണങ്ങള്‍. എപിഎല്‍ പട്ടികയിലുള്ളവര്‍ക്ക് പോസ്റ്റ് കൊവിഡ് ചികിത്സയ്ക്ക് പണം ഈടാക്കുന്ന ഉത്തരവ് സംബന്ധിച്ച അവ്യക്തത പരിശോധിക്കും. ജനറല്‍ വാര്‍ഡുകള്‍ക്ക് പണം ഈടാക്കുന്നില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!