കനത്ത മഴയ്ക്ക് സാധ്യത ജാഗ്രത പുലര്‍ത്തണം-ജില്ലാ കളക്ടര്‍

0

 

ജില്ലയില്‍ വരുന്ന മൂന്ന് ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ മുതല്‍ തിങ്കള്‍ വരെ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിര്‍ദ്ദേശം. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇരുപത്തിനാല് മണിക്കൂറിനുളളില്‍ 64.5 എം.എം മുതല്‍ 204.4 എം.എം വരെ മഴ ലഭിക്കാനുളള സാധ്യതയാണ് ഈ ദിവസങ്ങളില്‍ പ്രവചിക്കപ്പെട്ടിട്ടുളളത്. മണ്ണിടിച്ചില്‍ ഉള്‍പ്പടെയുള്ള ദുരന്തസാധ്യതയുള്ളതിനാല്‍ അപകടമേഖലകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണം. ട്രക്കിംഗ് പരമാവധി ഒഴിവാക്കണം. കനത്ത മഴയെ തുടര്‍ന്ന് ജലാശയങ്ങളില്‍ പെട്ടെന്ന് വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തണം. അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കണം. റിസോര്‍ട്ട്/ഹോംസ്റ്റേ ഉടമകള്‍ ഇവിടങ്ങളില്‍ താമസിക്കുന്ന ടൂറിസ്റ്റുകള്‍ക്ക് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കേണ്ടതും, ആവശ്യമായ സുരക്ഷക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!