സുല്‍ത്താന്‍ ബത്തേരി: ചെതലയം അമ്പലത്തിങ്കുഴി എല്‍ദോയുടെ മകന്‍ ഗ്രിഗറിയുടെ സൈക്കിളാണ് പൊലീസ് കണ്ടെത്തി വീട്ടിലെത്തിച്ചുനല്‍കിയത്. ചൊവ്വാഴ്ച രാത്രിയിലാണ് പോര്‍ച്ചറില്‍ വെച്ചിരുന്ന ഗ്രിഗറിയുടെ സൈക്കിള്‍ കാണാതാകുന്നത്. ബുധനാഴ്ച രാവിലെ സൈക്കിള്‍ പോര്‍ച്ചറില്‍ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തനായില്ല. പിന്നീട് ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ പുല്‍പ്പള്ളി ജയശ്രീ സ്‌കൂളിലെ എട്ടാംക്ലാസുകാരനായ ഗ്രിഗറി സ്വന്തമായെഴുതിയ പരാതിയുമായി അമ്മമ്മ മറിയത്തിനൊപ്പം പൊലിസ് സ്റ്റേഷനിലെത്തുകയായിരുന്നു. തന്റെ സൈക്കിള്‍ കാണാതായെന്നും കണ്ടെത്തിതരണമെന്നുമായിരുന്നു പരാതിയിലുണ്ടായിരുന്നത്.
പരാതി നല്‍കിയതിനുശേഷവും സൈക്കിള്‍ കണ്ടെത്തി തരണം എന്നാവശ്യപ്പെട്ട് ഗ്രിഗറി സ്റ്റേഷനില്‍ തന്നെ നിന്നു. ഈ സമയം സ്റ്റേഷനിലെ സിപിഒയും ചെതലയം സ്വദേശിയുമായ സുഹൈല്‍ കാണാതെപോയ സൈക്കിളിന്റെ ഒരു പടം വിവരങ്ങളുള്‍ക്കൊളളിച്ച് ചെതലയംഗ്രാമം എന്ന വാട്സ് ആപ് ഗ്രൂപ്പില്‍ പോസ്റ്റ്ചെയ്തു. പോസ്റ്റ് കണ്ട ഗ്രൂപ്പ് അംഗങ്ങള്‍ വിവിധ ഇടങ്ങളില്‍ തിരച്ചില്‍ നടത്തി. ഇതിനിടയില്‍ ഗ്രൂപ്പിലെ അംഗങ്ങളായ ഹനീഫ്, റിസാല്‍, രാജന്‍ എന്നിവര്‍ ചെതലയം പള്ളിക്കുസമീപം സൈക്കിള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഈ വിവരം പൊലീസിനെ അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ സീനിയര്‍ സിപിഒ സണ്ണി ജോസ്ഫ്, സിപിഒ സുഹൈല്‍ എന്നിവര്‍ ചേര്‍ന്ന് സൈക്കിള്‍ ബുധനാഴ്ച രാത്രി ഏഴരയോടെ ഗ്രിഗറിയുടെ വീട്ടിലെത്തിച്ചുനല്‍കുകയായിരുന്നു.