കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കാനുള്ള പ്രധാന തടസം നമ്മുടെ രാജ്യത്ത് ഇനിയും കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ തുടങ്ങിയിട്ടില്ല എന്നതാണ്. ലോകത്ത് പല രാജ്യങ്ങളും 18 വയസില്‍ താഴെയുള്ളവര്‍ക്ക് വാക്‌സീനേഷന്‍ തുടങ്ങിയിട്ടും ഇന്ത്യയില്‍ ഇത് നീളുകയാണ്. കുട്ടികളുടെ വാക്‌സീനേഷനില്‍ മറ്റ് രാജ്യങ്ങള്‍ ചെയ്യുന്നത് എന്തെന്ന് നോക്കാം.
ഫ്രാന്‍സ് 12 വയസ് മുതല്‍ ഉള്ളവര്‍ക്കെല്ലാം വാക്സീന്‍ നല്‍കുകയാണ്. 12 നും 17 നും ഇടയിലുള്ള 40 ശതമാനം കുട്ടികള്‍ക്ക് വാക്സീന്‍ കിട്ടിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ സ്‌കൂളുകള്‍ തുറക്കാന്‍ ഫ്രാന്‍സിന് കഴിഞ്ഞു.
സ്പെയിനിലും വാക്സീന്‍ 12 വയസ് മുതലാണ്. 40 ശതമാനം കൗമാരക്കാര്‍ ഇതുവരെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചു. കഴിഞ്ഞ വര്‍ഷം തന്നെ സ്‌കൂളുകള്‍ തുറന്ന സ്‌പെയിന്‍ എത്രയും വേഗം മുഴുവന്‍ കുട്ടികള്‍ക്കും വാക്സീന്‍ നല്‍കാനുള്ള തീരുമാനത്തിലാണ്.
ഇറ്റലിയില്‍ അടുത്ത മാസമാണ് പുതിയ സ്‌കൂള്‍ വര്‍ഷം തുടങ്ങുന്നത്. ഫൈസര്‍, മോഡേണ വാക്‌സീനുകള്‍ കുട്ടികളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ ഇറ്റലി, 35 ശതമാനം കൗമാരക്കാര്‍ക്ക് വാക്സീന്‍ നല്‍കി.
അമേരിക്കയിലും 12 വയസ് മുതല്‍ 17 വയസുവരെയുള്ളവരില്‍ പകുതിയോളം പേര്‍ ഫൈസര്‍ വാക്സിന്‍ സ്വീകരിച്ചു. സ്വീഡന്‍, നേതര്‍ലന്‍ഡ്സ് രാജ്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സീനേഷന്‍ തുടങ്ങി.
ലോകത്തെ ഏറ്റവും ഫലപ്രദമായ വാക്‌സീനുകളില്‍ ഒന്നായ ഫൈസര്‍ ആറു മാസം മുതല്‍ 12 വയസുവരെയുള്ള കുട്ടികളില്‍ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. അമേരിക്കയില്‍ അഞ്ചു വയസു മുതല്‍ ഉള്ള കുട്ടികളില്‍ വാക്സീന്‍ ഉപയോഗിക്കാന്‍ ഈ വര്‍ഷം തന്നെ ഫൈസര്‍ അനുമതി തേടും. 12 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് ഒറ്റ ഡോസ് മതിയാകും എന്നതാണ് ഇതുവരെയുള്ള പരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്. മോഡേണ കമ്പനിയും ആറു മാസം മുതല്‍ 12 വയസുവരെയുള്ള ഏഴായിരം കുട്ടികളില്‍ പരീക്ഷണം തുടങ്ങി.
ഇന്ത്യയിലാകട്ടെ, 12 വയസിനു മുകളിലുള്ളവര്‍ക്ക് വാക്സീനേഷന്‍ എന്നു തുടങ്ങുമെന്നതില്‍ ഇനിയും വ്യക്തതയില്ല. അടുത്ത മാസം തുടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മണ്ഡവയ കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചത്. ഭാരത് ബയോടെക്കിന്റെ കോവാക്‌സീന്‍, സൈദാസ് കാടിലയുടെ സൈക്കോവ് ഡി വാക്‌സീന്‍ എന്നിവയാകും ആദ്യ ഘട്ടത്തില്‍ കുട്ടികള്‍ക്ക് നല്‍കുക. ഇതിന്റെ അന്തിമ പരീക്ഷണ ഫലങ്ങള്‍ ഇനിയും വരണം.
കുട്ടികള്‍ക്ക് സുരക്ഷിതമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ഉറപ്പിച്ച ഫൈസര്‍ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങിയാല്‍ അത് വലിയ ആശ്വാസമാകുമായിരുന്നു. എന്നാല്‍ ഫൈസര്‍ രാജ്യത്ത് എത്തുന്നതില്‍ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. കുട്ടികള്‍ക്ക് വാക്സീനേഷന്‍ തുടങ്ങിയാലും വാക്സീന്‍ ക്ഷാമമാകും നമ്മള്‍ നേരിടാന്‍ പോകുന്ന പ്രധാന പ്രശ്‌നം. 15 മുതല്‍ 18 വരെ പ്രായമുള്ള 12 കോടി കുട്ടികളാണ് രാജ്യത്തുള്ളത്.