ബിവറേജസ് കോര്‍പ്പറേഷന് അനുകൂലമായി ബെവ്ക്യൂ ആപ്പില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഉത്തരവ്. ബെവ്‌കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും പ്രതിദിന ടോക്കണുകള്‍ 400ല്‍ നിന്ന് 600 ആയി ഉയര്‍ത്തും. ആപ്പ് മുഖേന ടോക്കണ്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് മൂന്ന് ദിവസം കഴിഞ്ഞേ വീണ്ടും ബുക്ക് ചെയ്യാനാകു എന്ന വ്യവസ്ഥ ഒഴിവാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ഓണവില്‍പന ലക്ഷ്യമിട്ട് ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ചില്ലറ വില്‍പന ശാലകള്‍ക്ക് സമയം ദീര്‍ഘിപ്പിച്ച് നല്‍കാനുള്ള ഉത്തരവിന്റെ ഭാഗമായാണ് പുതിയ തീരുമാനങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്. നിലവില്‍ ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ചില്ലറ വില്‍പന ശാലകള്‍ ഒമ്പത് മുതല്‍ അഞ്ച് മണി വരെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇത് രണ്ട് മണിക്കൂര്‍ ദീര്‍ഘിപ്പിച്ച് ഒമ്പത് മുതല്‍ ഏഴ് മണി വരെയാക്കി മാറ്റും.ബാറുകളിലെ അനധികൃത മദ്യവില്‍പന തടയാനും കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി ബാറില്‍ അനുവദിക്കുന്ന ടോക്കണുകള്‍ പരിശോധിക്കും. ടോക്കണുകള്‍ക്ക് ആനുപാതികമായ മദ്യം ബാറുകള്‍ വെയര്‍ഹൗസില്‍നിന്ന് വാങ്ങുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനും നിര്‍ദേശമുണ്ട്.ബെവ്ക്യൂ ആപ്പിന്റെ ഗുണം ബാറുകള്‍ കൊണ്ടുപോകുന്നുവെന്നും ബിവറേജ്‌സ് കോര്‍പ്പറേഷന് വലിയതോതില്‍ വരുമാനനഷ്ടമുണ്ടെന്നുമുള്ള വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്താണ് ബെവ്‌കോയ്ക്ക് അനുകൂലമായി ബെവ്ക്യൂ ആപ്പില്‍ മാറ്റം വരുത്താനുള്ള നിര്‍ദേശം. ഇതോടെ വില്‍പ്പന ഉയരുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.