ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്‍.) എട്ടിനുമുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് അവലോകനയോഗത്തില്‍ പറഞ്ഞു. മുന്‍പ് ഡബ്ല്യു.ഐ.പി.ആര്‍. പത്തിനുമുകളിലുള്ള പ്രദേശങ്ങളിലാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഇത്തരത്തിലുള്ള 266 വാര്‍ഡുകളാണുണ്ടായിരുന്നത്. പുതുക്കിയ മാനദണ്ഡങ്ങള്‍ വ്യാഴാഴ്ച നിലവില്‍വരും.ഓണത്തിന് ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികള്‍ അനുവദിക്കില്ല. ബീച്ചുകളില്‍ നിയന്ത്രണമുണ്ടാകും. ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമാകും വഴിയോരക്കച്ചവടം അനുവദിക്കുക. തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ വ്യാപാരികളുടെ യോഗം വിളിക്കും. ഒരു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യത്യസ്ത തദ്ദേശ സ്ഥാപനങ്ങളുണ്ടെങ്കില്‍ ഓരോ സ്ഥാപനത്തിന്റെയും യോഗം വെവ്വേറെ വിളിക്കും- മുഖ്യമന്ത്രി അറിയിച്ചു.ഡബ്ല്യു.ഐ.പി.ആര്‍. നിരക്ക് 14-ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണുകള്‍ 50 ശതമാനത്തിലധികം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ മാസപൂജയ്ക്ക് പ്രതിദിനം 15,000 പേര്‍ക്ക് പ്രവേശനം അനുവദിക്കും. ഓഗസ്റ്റ് 15-ന് നടതുറക്കുമ്പോള്‍ രണ്ടുഡോസ് വാക്സിനോ 72 മണിക്കൂറിനകമുള്ള കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് ദര്‍ശനം അനുവദിക്കും.