സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് തിളക്കത്തില്‍ ‘തരിയോട്’; മലബാറിലെ സ്വര്‍ണ്ണ ഖനന ചരിത്രം പ്രമേയമാക്കിയ ചിത്രം

0

വയനാടിന്റെ സ്വര്‍ണ്ണ ഖനന ചരിത്രം പ്രമേയമായമാക്കി നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത ‘തരിയോട്’ എന്ന ഡോക്യുമെന്ററി ചിത്രം 2020 ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്സില്‍ മികച്ച എജ്യൂക്കേഷണല്‍ പ്രോഗ്രാമ്മിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. മലബാറിലെ സ്വര്‍ണ്ണ ഖനനത്തിന്റെ ചരിത്രം അപൂര്‍വ്വ രേഖകളിലൂടെ ആവിഷ്‌കരിച്ച ഗവേഷണ മികവിനാണ് പുരസ്‌കാരമെന്ന് പ്രഖ്യാപന വേളയില്‍ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

ഹോളിവുഡ് ഇന്റര്‍നാഷണല്‍ ഗോള്‍ഡന്‍ ഏജ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററി, സെവന്‍ത്ത് ആര്‍ട്ട് ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഡോക്യുമെന്ററി ഹ്രസ്വചിത്ര സംവിധായകനുള്ള പുരസ്‌കാരം, റീല്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അവാര്‍ഡ് തുടങ്ങി രാജ്യത്തിനകത്തും പുറത്തുമായി ഇതിനകം നാലോളം അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ‘തരിയോട്’ നിരവധി ചലച്ചിത്ര മേളകളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. കോണ്ടിനെന്റെല്‍ ഫിലിം അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍ ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തില്‍ തരിയോടിനെ ഫൈനലിസ്റ്റായി തിരഞ്ഞെടുത്തിരുന്നു. ഐ ഫിലിംസ് ഇന്റര്‍നാഷണല്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവലില്‍ ചിത്രം സെമി ഫൈനലിസ്റ്റായിരുന്നു. യൂറോപ്പിലെ സ്ലോവാക്യയില്‍ നടന്ന കൊഷിറ്റ്‌സെ ഇന്റര്‍നാഷണല്‍ മന്ത്‌ലി ഫിലിം ഫെസ്റ്റിവല്‍, ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബല്‍ നെറ്റ് വര്‍ക്ക് സെഷന്‍സ്, ലോസ് ആഞ്ചെലെസിലെ സ്റ്റാന്‍ഡാലോണ്‍ ഫിലിം ഫെസ്റ്റിവല്‍ ആന്‍ഡ് അവാര്‍ഡ്സ് തുടങ്ങിയ ചലച്ചിത്ര മേളയിലേയ്ക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഇതേ പശ്ചാത്തലത്തില്‍ നിര്‍മലിന്റെ തന്നെ സംവിധാനത്തില്‍ വരാനിരിക്കുന്ന ‘തരിയോട്: ദി ലോസ്റ്റ് സിറ്റി’ എന്ന ബിഗ് ബജറ്റ് ചരിത്ര സിനിമയില്‍ ഭാഗമാകാന്‍ ചില വിദേശ സ്റ്റുഡിയോകളും വിദേശ താരങ്ങളും മുന്നോട്ട് വന്നത് മുമ്പ് വാര്‍ത്തയായിരുന്നു. ഹോളിവുഡ് സംഗീത സംവിധായകന്‍ ഇവാന്‍ ഇവാന്‍സിന്റെ ആദ്യത്തെ ഇന്ത്യന്‍ സിനിമയായ ‘വഴിയെ’യാണ് നിര്‍മലിന്റെ ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് സിനിമ കൂടിയാണ് വഴിയെ.

കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യ നിര്‍മ്മിച്ച ഈ ചരിത്ര ഡോക്യുമെന്ററിയുടെ വിവരണം ദേശീയ അവാര്‍ഡ് ജേതാവായ അലിയാരാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: മാത്യു എം. തോമസ്, ഫാ. ബിജു മാവറ, ഛായാഗ്രഹണം: മിഥുന്‍ ഇരവില്‍, നിര്‍മല്‍ ബേബി വര്‍ഗീസ്. അഡിഷണല്‍ ക്യാമറ: ഷോബിന്‍ ഫ്രാന്‍സിസ്, അശ്വിന്‍ ശ്രീനിവാസന്‍, ഷാല്‍വിന്‍ കെ പോള്‍. സംവിധാന സഹായികള്‍: വി. നിഷാദ്, അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ. വിവരണം: പ്രൊഫ. അലിയാര്‍, കലാസംവിധാനം: സനിത എ. ടി, നറേഷന്‍ റെക്കോര്‍ഡിങ് ആന്‍ഡ് ഫൈനല്‍ മിക്‌സിങ്ങ്: രാജീവ് വിശ്വംഭരന്‍, ട്രാന്‍സ്ലേഷന്‍ ആന്‍ഡ് സബ്ടൈറ്റില്‍സ്: നന്ദലാല്‍ ആര്‍, സെന്‍സര്‍ സ്‌ക്രിപ്റ്റ്: സി. എസ്. അജിത്ത്

Leave A Reply

Your email address will not be published.

error: Content is protected !!