എന്താണ് നിയമസഭ കയ്യാങ്കളിക്കേസ് ?

0

2015 മാര്‍ച്ച് 13. വെള്ളിയാഴ്ച. 2015-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണത്തിനായി അന്നത്തെ ധനമന്ത്രി കെ.എം മാണി സഭയിലെത്തി. 13-ാം ബജറ്റ് അവതരണമാണ് അന്ന് നടക്കാനിരുന്നത്. ബാര്‍ കോഴ ആരോപണത്തിന്റെ നിഴലിലായിരുന്ന കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് പ്രതിപക്ഷം (എല്‍ഡിഎഫ്) നേരത്തെ പറഞ്ഞിരുന്നു. (Kerala assembly ruckus case).
ബജറ്റ് അവതരണത്തിനെത്തിയ മാണിയും സ്പീക്കറും വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സഹായത്തോടെയാണ് സഭയിലെത്തിയത്. ബജറ്റ് അവതരിപ്പിക്കാന്‍ സ്പീക്കര്‍ എന്‍ ശക്തന്‍ അനുമതി നല്‍കുകയും ഉടന്‍ തന്നെ ബജറ്റ് അവതരണം മാണി ആരംഭിച്ചു.

ബജറ്റ് അവതരണത്തിന്റെ തുടക്കം മുതല്‍ തന്നെ സഭയില്‍ ബഹളം ആരംഭിച്ചിരുന്നു. സഭയ്ക്ക് അകത്തും പുറത്തും യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു. സഭയ്ക്കകത്ത് പ്രതിപക്ഷാംഗങ്ങളും സഭയ്ക്ക് പുറത്ത് പാര്‍ട്ടി പ്രവര്‍ത്തകരും പ്രതിഷേധിച്ചുകൊണ്ടിരുന്നു.
140 പേജുണ്ടായിരുന്ന ബജറ്റ് എന്നാല്‍ ആറ് മിനിറ്റുകള്‍ മാത്രമേ അവതരിപ്പിക്കാന്‍ കഴിഞ്ഞുള്ളു. ബജറ്റ് അവതരിപ്പിച്ചതായി പ്രഖ്യാപിച്ച ശേഷം സഭയില്‍ ലഡു വിതരണം നടന്നു. അപ്പോഴേക്കും പ്രതിപക്ഷം സകല നിയന്ത്രണവും വിട്ട് കെഎം മാണിയുടെ അടുത്തേക്ക് ഇരച്ചുകയറി. സ്പീക്കറുടെ ഡയസ് കയ്യേറുകയും വാച്ച് ആന്റ് വാര്‍ഡ് സംഘവുമായി ഏറ്റുമുട്ടല്‍ ആരംഭിക്കുകയും ചെയ്തു. ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കയ്യേറ്റവും, ഉന്തും തള്ളും, അടിപിടിയും നടന്നു.
കേരളം എന്ന സംസ്ഥാനത്തെ ഒന്നാകെ നാണം കെടുത്തിയ സംഭവമായിരുന്നു. ഈ ദൃശ്യങ്ങള്‍ ദേശിയ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായി.സിപിഐഎം അംഗങ്ങളായ ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, മുന്‍ എം എല്‍ എമാരായ സി കെ സദാശിവന്‍, കെ കുഞ്ഞഹമ്മദ് മാസ്റ്റര്‍, സിപിഐ അംഗം കെ അജിത്ത് തുടങ്ങിയവര്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളിമാറ്റുകയും സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചുകയറി കസേര മറിച്ചിട്ട് മൈക്കും കംപ്യൂട്ടറും നശിപ്പിക്കുകയും ചെയ്തു.വാച്ച് ആന്‍ഡ് വാര്‍ഡ് പിടിച്ചുതള്ളിയെന്ന ആരോപണവുമായി തോമസ് ഐസകും, ശിവദാസന്‍ നായര്‍ ആക്രമിച്ചുവെന്ന് ആരോപിച്ച് ജമീല പ്രകാശവും രംഗത്തെത്തി. ഇഎസ് ബിജിമോള്‍ എംഎല്‍എയെ ഷിബു ബേബിജോണ്‍ തടഞ്ഞതും വിവാദമായിരുന്നു. കെകെ ശൈലജയ്ക്കുനേരെ എംഎ വാഹിദ് രംഗത്തെത്തിയതോടെ പ്രതിപക്ഷ എംഎല്‍എമാരും പാഞ്ഞടുത്തു.
ഒന്‍പത് പ്രതിപക്ഷ എംഎല്‍എമാരെയാണ് സംഭവത്തിന് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചിലര്‍ പ്രതിഷേധത്തിനിടെ തന്നെ കുഴഞ്ഞുവീണു. പന്ത്രണ്ട് വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങളെയും സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുറത്ത് നടന്ന പ്രതിഷേധം അടിച്ചമര്‍ത്താന്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും, ലാത്തി ചാര്‍ജും പ്രയോഗിച്ചു. സംഭവത്തില്‍ ഒരു പ്രവര്‍ത്തകന്‍ ഹൃദയാഘാതം സംഭവിച്ച് മരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന് പിന്നാലെ തൊട്ടടുത്ത് ദിവസം, 2015 മാര്‍ച്ച് 14ന് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

സസ്പെന്‍ഷന്‍
സംഭവത്തില്‍ അഞ്ച് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്യുകയും, അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുകയും ചെയ്തു. വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, സി കെ സദാശിവന്‍, കെ കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ അജിത്ത് എന്നിവര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസ് എടുത്തത്. പിന്നീട് വി ശിവന്‍കുട്ടിയുടെ അപേക്ഷ പരിഗണിച്ച് 2018 ഫെബ്രുവരിയില്‍ ഈ കേസ് സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു.

കേസ് പിന്‍വലിക്കാനുള്ള നീക്കം 2021 മാര്‍ച്ച്12ന് ഹൈക്കോടതി ഇടപെട്ട് തടഞ്ഞു. കേസില്‍ ആരോപണ വിധേയര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!