നഷ്ടപരിഹാരം നല്‍കാന്‍ കാലതാമസം കര്‍ഷകര്‍ ദുരിതത്തില്‍

0

വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന വിളകളുടെ നഷ്ടപരിഹാരം നല്‍കാന്‍ വനം വകുപ്പ് കാലതാമസം വരുത്തുന്നത്  കര്‍ഷകരെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി വിളകളുടെ നഷ്ടപരിഹാരം ലഭിക്കാത്ത കര്‍ഷകര്‍ ഇപ്പോഴുമുണ്ട്.അന്വേഷിക്കുമ്പോള്‍ ഫണ്ടില്ലെന്ന മറുപടിയാണ് വനം വകുപ്പ് നല്‍കുന്നതെന്ന് കര്‍ഷകര്‍. ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ ജില്ലയില്‍ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്. വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന കാര്‍ഷികവിളകള്‍ക്ക് വനം വകുപ്പ് നല്‍കുന്ന  നഷ്ടപരിഹാര തുകയാണ് വകുപ്പില്‍ നിന്നും ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നത്. ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ട വിളകളുടെ നഷ്ട പരിഹാര തുക ഒരു വര്‍ഷം പിന്നിട്ടിട്ടും ലഭിക്കാത്ത കര്‍ഷകര്‍ ഉണ്ട്.
കൃഷി നാശമുണ്ടാകുന്ന സമയത്ത് വനം വകുപ്പ് അധികൃതര്‍  സ്ഥലം സന്ദര്‍ശിച്ചാണ് നഷ്ട പരിഹാര തുക നിശ്ചയിക്കുന്നത്. തുടര്‍ന്ന് ഇത് അപേക്ഷയായി നല്‍കണം. ഇതിനും കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടണം. അപേക്ഷ നല്‍കിയാലും നഷ്ടപരിഹാര തുകയ്ക്കായി വനംവകുപ്പിന്റെ ഓഫീസുകള്‍ കയറി ഇറങ്ങി മടുക്കുകയാണ് കര്‍ഷകര്‍. കൃഷിനാശത്തിന്റെ നഷ്ടപരിഹാരം വൈകുന്നതിന് പുറമേ വന്യമൃഗങ്ങളാല്‍ ആക്രമണത്താല്‍ പരുക്കേല്‍ക്കുന്നവര്‍ക്കുള്ള ചികിത്സാചെലവടക്കം നല്‍കുന്നതിലും വനം വകുപ്പ് കാലതാമസം വരുത്തുന്നതായി ആരോപണം ഉണ്ട്. വര്‍ഷങ്ങളായി ഇത്തരത്തില്‍ നഷ്ട പരിഹാരം ലഭിക്കാത്ത നിരവധി പേരാണ് ജില്ലയിലുള്ളത്. ഈ സാഹചര്യത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ വനം വകുപ്പും സര്‍ക്കാറും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അല്ലാത്തപക്ഷം കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്നുമാണ് കര്‍ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Leave A Reply

Your email address will not be published.

error: Content is protected !!