ഈ മാസം 21 മുതല്‍ ബസ് സര്‍വീസ് നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംയുക്ത ബസുടമ സമരസമിതി. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധന, റോഡ് ടാക്‌സ് ഇളവ്, ചെലവിന് ആനുപാതികമായി ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
ബസ് വ്യവസായമേഖലയെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനുണ്ട്. ഇതില്‍ ടെക്‌നിക്കല്‍, ധനകാര്യ വിദഗ്ധര്‍ തുടങ്ങിയവരുണ്ട്. ഇവരോട് ഇപ്പോഴത്തെ സ്‌റ്റേജ് കാര്യേജ് ബസുകള്‍ ഓപ്പറേറ്റുചെയ്യാന്‍ എന്തു വരുമാനം വേണമെന്ന് സര്‍ക്കാര്‍ ആരായണം.
ആ വരുമാനത്തിന് അനുസരിച്ചുള്ള ബസ് ചാര്‍ജ് വര്‍ധനയാണ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ ധാരണയായിരുന്നു.
എന്നാല്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജിന്റെ കാര്യത്തില്‍ ധാരണ ഉണ്ടാകാത്തതാണ് തീരുമാനം വൈകാന്‍ കാരണം. ബസ് ചാര്‍ജ് മിനിമം പത്തു രൂപയാക്കാനാണ് ഇടതുമുന്നണി അനുമതി നല്‍കിയത്.