അടിസ്ഥാന സൗകര്യ വികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും ; ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ

0

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ആദിവാസി കോളനികളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വെളുകൊല്ലി,ചന്ദ്രോത്ത്, ചേകാടി,പൊളന്ന കോളനികള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളനികളിലേക്കുള്ള റോഡ്, വീടുകള്‍,കുടിവെള്ളം, വൈദ്യുതി, എന്നീ വിഷയങ്ങള്‍ പരിഹരിക്കുന്നതിനായി നടപടി സ്വീകരിക്കുമെന്നും എം എല്‍ എ.വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിനുള്ള സൗകര്യമൊരുക്കുമെന്നും രോഗികളടക്കമുള്ളവര്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നതിനായി ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.കോളനിവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ മന്ത്രിയുടെയും നിയമസഭയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വിവിധ കോളനികളില്‍ ഐ സി ബാലകൃഷ്ണന്‍ സന്ദര്‍ശനം നടത്തി.കോളനിവാസികള്‍ നേരിടുന്ന വിവിധങ്ങളായ വിഷയങ്ങളും ദുരിതങ്ങളും എം എല്‍ എ നേരില്‍ കണ്ട് ചോദിച്ചറിഞ്ഞു. വന്യമൃഗശല്യമടക്കമുള്ള കാര്യങ്ങള്‍ കോളനിവാസികള്‍ എം എല്‍ എക്ക് മുന്നില്‍ അവതരിപ്പിച്ചു. മൊബൈല്‍ റെയ്ഞ്ചില്ലാതെ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന കുട്ടികള്‍ അക്കാര്യവും എം എല്‍ എയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഗോത്രവിഭാഗത്തില്‍പ്പെട്ടവര്‍ തിങ്ങിപാര്‍ക്കുന്ന പുല്‍പ്പള്ള ഗ്രാമപഞ്ചായത്തിലെ ഒന്നാംവാര്‍ഡ് ചേകാടിയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു എം എല്‍ എ സന്ദര്‍ശനം നടത്തിയത്. രാവിലെ മുതല്‍ തന്നെ അപ്രതീക്ഷിതമായി കോളനിയിലെത്തിയ എം എല്‍ എയോടെ അനുഭവിക്കുന്ന വിഷമതകള്‍ ഒന്നൊന്നായി പങ്കുവെക്കുകയായിരുന്നു. പനമരം ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജാകൃഷ്ണന്‍, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്‍, ജില്ലാപഞ്ചായത്തംഗം ബിന്ദുപ്രകാശ്, ബ്ലോക്ക് പഞ്ചായത്തംഗം നിഖില, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായ ജോളി നരിതൂക്കി, രാജു തോണിക്കടവ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!