ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ ബി ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ 3 നിര്‍ധന ഭവനരഹിത കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ച് നല്‍കുന്ന വീടുകളുടെ താക്കോല്‍ദാനം നാളെ ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പൂതാടി പഞ്ചായത്തിലെ നടുവിള വീട്ടിലെ ജോബി അലക്‌സിനും പുല്‍പ്പള്ളി പഞ്ചായത്തിലെ കോട്ടവാതുക്കല്‍ സെബാസ്റ്റ്യനും, മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കീലായില്‍ ഗിരീഷിനുമാണ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്.
അപേക്ഷകരില്‍ നിന്നും അര്‍ഹരായവരെ കണ്ടെത്തി 500-550 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് കിടപ്പുമുറികളോട് കൂടിയ കോണ്‍ക്രീറ്റ് വീടുകളാണ് സൗജന്യമായി നിര്‍മ്മിച്ചുനല്‍കുന്നത്. ഓരോ വീടിനും 5 മുതല്‍ 6 ലക്ഷം രൂപ വരെയാണ് നിര്‍മ്മാണച്ചെലവ്.ബാംഗ്ലൂര്‍ ആസ്ഥാനമായ ആര്‍ബി സ്ട്രക്ചര്‍സ് പ്രൈവറ്റ് ലിമിറ്റഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തന ഗ്രൂപ്പാണ് ആര്‍ ബി ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്. ഫൌണ്ടേഷന്‍ ട്രസ്റ്റികളും മലയാളികളുമായ ചിങ്ങന്‍ രാജീവന്‍,ബിജു പി വി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതിനോടകം 6 വീടുകളുടെ (വയനാട് ജില്ലയില്‍ രണ്ടും,കണ്ണൂര്‍ ജില്ലയില്‍ രണ്ടും, എറണാകുളം ജില്ലയില്‍ രണ്ടും) നിര്‍മ്മാണജോലികള്‍ പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറി.
കൂടാതെ, ബാംഗ്ലൂരിലെ വിവിധ ഭാഗങ്ങളിലായി അഞ്ചു വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ ഗുണഭോക്താക്കളെ കണ്ടെത്തി വീടുകള്‍ നിര്‍മിച്ചു നല്‍കും. കൂടുതല്‍ കുടുംബങ്ങളില്‍ പുഞ്ചിരി വിടര്‍ത്തുന്നതിനായി നിരന്തരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ അനുസ്യൂതം തുടരുമെന്ന് ട്രസ്റ്റ് ഭാരവാഹികളായ ബിജു പി.വി, രാജീവന്‍ എന്നിവര്‍ പറഞ്ഞു.