സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി സിക്ക വൈറസ് 

0

സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ്.തിരുവനന്തപുരത്താണ് 14 രോഗികളുമുള്ളത്. രോഗം സ്ഥിരീകരിച്ചവരില്‍ മിക്കവരും ആരോഗ്യപ്രവര്‍ത്തകരാണ്. ആശങ്ക വേണ്ടെന്നും രോഗം സ്ഥിരീകരിച്ച മിക്ക ആളുകളുടെയും നില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഇതോടെ ആകെ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി.28-ാം തീയതി ഒരു ഗര്‍ഭിണിക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു. പാറശ്ശാല സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ കഴിഞ്ഞ ദിവസം പ്രസവിച്ചു. അമ്മയും കുഞ്ഞും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലാതെ സുരക്ഷിതരാണ്. ഈഡിസ് കൊതുകുകളാണ് സിക്ക വൈറസ് വ്യാപനത്തിന് കാരണമാകുന്നത്. പകലാണ് ഈ കൊതുകുകള്‍ വ്യാപകമായി കാണാറ്. പ്രാഥമികമായി സിക്ക വൈറസാണെന്ന് കണ്ടപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് കൃത്യമായ നടപടികള്‍ സ്വീകരിച്ചു. ജില്ലാ സര്‍വൈലന്‍സ് ടീം, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, സംസ്ഥാന എന്റമോളജി ടീം എന്നിവര്‍ പാറശാലയിലെ രോഗബാധിത പ്രദേശം സന്ദര്‍ശിക്കുകയും നിയന്ത്രണ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ദുരിതബാധിത പ്രദേശത്തു നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച ഈഡിസ് കൊതുകിന്റെ സാമ്പിളുകള്‍ പിസിആര്‍ പരിശോധനയ്ക്കായി അയയ്ക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!