ഗര്‍ഭിണികള്‍ക്കും വാക്‌സീനെടുക്കാം: മാര്‍ഗരേഖയായി
ഗര്‍ഭിണികള്‍ക്കും വാക്‌സീനെടുക്കാമെന്ന വിദഗ്ധ സമിതി നിര്‍ദേശം ആരോഗ്യമന്ത്രാലയം അംഗീകരിച്ചു. തുടര്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കി. വിശദമായ മാര്‍ഗരേഖയും കൈമാറിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.ഗര്‍ഭിണികളൊഴികെ 18 വയസ്സിനു മുകളിലുള്ള മുഴുവന്‍ പേര്‍ക്കും വാക്‌സീനെടുക്കാമെന്നതായിരുന്നു നയം. ഇതിലാണു മാറ്റം. കോവിന്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്‌തോ നേരിട്ടു കുത്തിവയ്പു കേന്ദ്രത്തിലെത്തിയോ ഇനി ഗര്‍ഭിണികള്‍ക്കും വാക്‌സീനെടുക്കാം. ഗര്‍ഭകാലത്തെ ആദ്യ 3 മാസം വാക്‌സീനെടുക്കുന്നത് ഒഴിവാക്കണമെന്നാണു പല ഡോക്ടര്‍മാരുടെയും നിര്‍ദേശമെങ്കിലും കേന്ദ്ര മാര്‍ഗരേഖയില്‍ ഇതില്ല.
ഗര്‍ഭിണിയായിരിക്കുന്നതും കോവിഡ് ബാധയുടെ തീവ്രതയും തമ്മില്‍ നേരിട്ടു ബന്ധമില്ലെന്നാണ് പൊതുവിലയിരുത്തല്‍. എന്നാല്‍, ഗര്‍ഭിണിയായിരിക്കെ വൈറസ് ബാധ കടുക്കുന്നതു കൂടുതല്‍ വെല്ലുവിളി സൃഷ്ടിക്കാമെന്ന പുതിയ പഠനങ്ങള്‍ വിദഗ്ധ സമിതി പരിഗണിച്ചു.