കാട്ടാന ആക്രമണം: നഷ്ടപരിഹാരത്തിന് ആധാര്‍ നിര്‍ബന്ധം
കാട്ടാന ആക്രമണത്തെത്തുടര്‍ന്നുള്ള ആള്‍നാശം, വിളനാശം തുടങ്ങിയവയ്ക്കു നഷ്ടപരിഹാരം നല്‍കുന്നതിനുള്‍പ്പെടെ വനം പരിസ്ഥിതി മന്ത്രാലയം ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ‘പ്രോജക്ട് എലിഫന്റ്’ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കാണ് ആധാര്‍ നിര്‍ബന്ധമാക്കിയത്. ഇതു ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കി. തല്‍ക്കാലം ആധാര്‍ കാര്‍ഡില്ലെങ്കില്‍ ബാങ്ക് പാസ്ബുക്ക്, റേഷന്‍ കാര്‍ഡ് തുടങ്ങിയ മറ്റു രേഖകളുടെ അടിസ്ഥാനത്തില്‍ തുക നല്‍കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പ്രോജക്ട് എലിഫന്റ്
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സ്‌പോണ്‍സര്‍ ചെയ്തു സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നതാണ് പദ്ധതി. ആനകള്‍ ഉള്ള സംസ്ഥാനങ്ങളില്‍ അവയുടെയും ആവാസ വ്യവസ്ഥയുടെയും ആനകള്‍ക്കുള്ള വഴിത്താരകളുടെയും സംരക്ഷണം, കാട്ടാനകളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷവും തുടര്‍ന്നുള്ള നഷ്ടവും ലഘൂകരിക്കല്‍ എന്നിവയാണു ലക്ഷ്യമിടുന്നത്.