സഹായങ്ങളുമായി യുവാവ് സാമൂഹിക അടുക്കളയില്‍
പടിഞ്ഞാറത്തറയിലെ വാഹന മെക്കാനിക്കായ അജിത് കുമാറാണ് സഹായവുമായി മാനന്തവാടി നഗരസഭ സാമൂഹ്യ അടുക്കളയിലെത്തിയത്.വാഴക്കുല, കപ്പ,പപ്പായ,അരി,പഞ്ചസാര മറ്റു സാധനങ്ങളാണ് മാനന്തവാടി യു.പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സമൂഹിക അടുക്കളയില്‍ അജിത് കുമാര്‍ എത്തിച്ചത്. മാനന്തവാടി നഗരസഭാ വൈസ് ചെയര്‍മാന്‍ പി വി എസ് മൂസ. കൗണ്‍സിലര്‍മാരായ വി ആര്‍ പ്രവീജ്.വി യു ജോയ് എന്നിവര്‍ സാധനങ്ങള്‍ ഏറ്റുവാങ്ങി.
കഴിഞ്ഞ ബുധനാഴ്ചയാണ് അജിത് കുമാറിന്റെ ഭാര്യ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തത്.ഈ സമയങ്ങളില്‍ മറ്റിടങ്ങളില്‍ നിന്നും ഭക്ഷണം ലഭിക്കാതായതോടെ വിശപ്പടക്കാനായി മാനന്തവാടി മുനിസിപ്പാലിറ്റിയുടെ സമൂഹിക അടുക്കളയെയാണ് അജിത്കുമാര്‍ ആശ്രയിച്ചത്. സാമൂഹിക കിച്ചണില്‍ എത്തിയപ്പോഴാണ് മറ്റുള്ളവരുടെ ദുരിതങ്ങളും ദുഖങ്ങളും നേരില്‍ മനസിലാക്കിയത് .തന്നാല്‍ കഴിയുന്ന സഹായം സമൂഹ അടുക്കളക്കായി ചെയ്യണമെന്ന തീരുമാനത്തിലാണ് സാമൂഹിക അടുക്കളയിലേക്ക് പടിഞ്ഞാറത്തറ സ്വദേശി അജിത്ത് സാധനങ്ങള്‍ കൈമാറിയത്.