ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രവര്‍ത്തനമാരംഭിക്കണം:ഐ സി

0

സുല്‍ത്താന്‍ ബത്തേരിയില്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നിയമസഭയില്‍ സബ്മിഷനില്‍ ആവശ്യമുന്നയിച്ച് ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ.അതേസമയം സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ച് കോളേജ് തുടങ്ങുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി മറുപടി പറഞ്ഞു.

ബത്തേരിയില്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നിയമസഭയില്‍ ആദ്യ സബ്മിഷനിലാണ് ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ ആവശ്യമുന്നയിച്ചത്.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരായ ആളുകള്‍ ഉള്ള നിയോജക മണ്ഡലമാണ് ബത്തേരി.നിയോജക മണ്ഡലത്തില്‍ ഓരോ വര്‍ഷവും നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഹയര്‍ സെക്കണ്ടറി പഠനം പൂര്‍ത്തിയാക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഉപരിപഠനത്തിന് കോളേജുകളില്‍ അഡ്മിഷന്‍ ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ ബത്തേരിയില്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ ആവശ്യകത മനസിലാക്കി കോളേജ് അനുവദിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും റവന്യൂ, വിദ്യാഭ്യാസ വകുപ്പ് അധികാരികളുടെയും യോഗം എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ ചേരുകയും ചെയ്തു. തുടര്‍ന്ന് താല്‍ക്കാലികമായി കോളേജ് പ്രവര്‍ത്തനം ഉടനെ തുടങ്ങുന്നതിന് വേണ്ട സൗകര്യവും ഏര്‍പ്പെടുത്തുന്നതിനും , ആരംഭിക്കേണ്ട കോഴ്സുകള്‍ സംബന്ധിച്ച് തീരുമാനിക്കുകയും ചെയ്തു. കൂടാതെ കഴിഞ്ഞ വര്‍ഷത്തെ ബഡ്ജറ്റില്‍ ടോക്കണ്‍ പ്രവിഷനില്‍ 30 കോടിരൂപ കോളേജിനായി അനുവദിച്ചിട്ടുമുണ്ട്. എന്നാല്‍ ഇതുവരെ കോളേജ് പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ എത്രയും പെട്ടന്ന് കോളേജ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എം എല്‍ എ സബ്മിഷനില്‍ ആവശ്യപ്പെടുകയായിരുന്നു.

അതേ സമയം ഉന്നത വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച് വരികയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു മറുപടി നല്‍കി. കൂടാതെ വയനാട് ജില്ലയില്‍ ഇപ്പോള്‍ മാനന്തവാടിയിലും കല്‍പ്പറ്റയിലും ഗവണ്‍മെന്റ് കോളേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റൂസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പേര്യ വില്ലേജില്‍ മോഡല്‍ കോളേജിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നും, സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ച് കോളേജ് തുടങ്ങുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു സബ്മിഷന് മറുപടി നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!