കോവിഡ് വ്യാപനത്തോത് കുറയുന്നതായി മന്ത്രി വീണാജോര്‍ജ്

0

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തോത് കുറയുന്നതായി മന്ത്രി വീണാ ജോര്‍ജ് . ഫെബ്രുവരി ആദ്യ ആഴ്ചയ്ക്കുശേഷം വ്യാപനം കുറയുമെന്നാണ് കണക്കാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.ഈ മാസമാണു കേരളത്തില്‍ കോവിഡ് മൂന്നാം തരംഗം ആരംഭിച്ചത്. ഡിസംബര്‍ അവസാന ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ജനുവരി ആദ്യ ആഴ്ചയില്‍ രോഗവ്യാപനം 45% ഉയര്‍ന്നു. രണ്ടാമത്തെ ആഴ്ച ഇത് 148% ആയും മൂന്നാമത്തെ ആഴ്ച 215% ആയും കുതിച്ചുയര്‍ന്നു. ഈ ആഴ്ച 71% ആയി താഴ്ന്നു.

 

കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 3.6% മാത്രമാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ 40.6% ഐസിയു കിടക്കകളിലും 13% വെന്റിലേറ്ററുകളിലും മാത്രമേ രോഗികളുള്ളൂ. സംസ്ഥാനത്ത് ടിഎംസി റജിസ്‌ട്രേഷന്‍ നേടിയ (താല്‍ക്കാലികം അടക്കം) ഡോക്ടര്‍മാരോടും മെഡിക്കല്‍ പ്രഫഷനലുകളോടും സന്നദ്ധസേവനത്തിന് മന്ത്രി അഭ്യര്‍ഥിച്ചു. 2 മാസത്തെ സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആരോഗ്യ വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കും. ടെലി മെഡിസിന്‍ സംവിധാനം ശക്തമാക്കാന്‍ വിരമിച്ച ഡോക്ടര്‍മാരുടെ സേവനവും ഉപയോഗിക്കും. അത്യാവശ്യ ഘട്ടത്തില്‍ മാത്രം ആശുപത്രിയില്‍ എത്തിയാല്‍ മതി. അല്ലാത്ത സാഹചര്യങ്ങളില്‍ ഇസഞ്ജീവനി ടെലിമെഡിസിന്‍ സംവിധാനം ഉപയോഗിക്കണം. കോവിഡ് ബാധിതരെ പരിചരിക്കുന്നവര്‍ ഉള്‍പ്പെടെ അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കു മാത്രം ക്വാറന്റീന്‍ മതി.

കോവിഡ് ബാധിതരായി ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകള്‍, ഗര്‍ഭിണികള്‍, പ്രായംചെന്നവര്‍, ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ തുടങ്ങിയവരുടെ നില അറിയുന്നതിന് അങ്കണവാടി ജീവനക്കാരെ ചുമതലപ്പെടുത്തി. കോവിഡ് പോസിറ്റീവാകുന്ന എല്ലാവരുമായും അതതു പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെടും. മെഡിക്കല്‍ കോളജുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ ഇന്നു മുതല്‍ സജ്ജമാകുമെന്നും മന്ത്രി അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!