പക്ഷിപ്പനി: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം നാളെ കേരളത്തിലെത്തും
സംസ്ഥാനത്തെ പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം നാളെ കേരളത്തിലെത്തും. കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തും. നേരത്തെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് പക്ഷിപ്പനി ജാഗ്രതാ നിര്‍ദ്ദേശവും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നാളെ സന്ദര്‍ശനം നടത്തുന്നത്.
പക്ഷിപ്പനി ഭീഷണിയാകുന്ന സാഹചര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പ്രതിരോധ നടപടികള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. പക്ഷിപ്പനി വ്യാപനം ഒഴിവാക്കാന്‍ സാദ്ധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് നിരീക്ഷക സമിതി രൂപീകരിക്കണമെന്നും കേന്ദ്ര നിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നു.
കേരളത്തില്‍ എച്ച്-5 എന്‍-8 വിഭാഗത്തില്‍പ്പെട്ട വൈറസ് ബാധയാണ് പക്ഷികളില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം. കേരളത്തില്‍ നാല് പ്രദേശങ്ങളിലാണ് അതിതീവ്ര പക്ഷിപ്പനി വ്യാപനം നടക്കുന്നതെന്നും കേന്ദ്രം വിലയിരുത്തിയിട്ടുണ്ട്.
കേരളത്തില്‍ രോഗം സ്ഥിരീകരിച്ച ജില്ലകളില്‍ പന്ത്രണ്ടായിരത്തോളം താറാവുകള്‍ രോഗം ബാധിച്ച് ചത്തു. കൂടാതെ രോഗം സ്ഥിരീകരിച്ച 36000 താറാവുകള്‍ നശിപ്പിച്ചിട്ടുമുണ്ട്. പക്ഷികളെ കൊല്ലുന്നതിന് നേതൃത്വം നല്‍കുന്നതിന് ആലപ്പുഴയില്‍ 18 അംഗ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപവത്കരിച്ചിട്ടുണ്ട്. ഒരു വെറ്റിനറി ഡോക്ടറുള്‍പ്പടെ 10 പേര്‍ ടീമില്‍ അംഗങ്ങളായിരിക്കും. കോട്ടയത്ത് വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള എട്ട് ദ്രുതകര്‍മ്മ സേനകളെ നിയോഗിച്ചു. വിവിധ വകുപ്പുകളിലെ അഞ്ച് ഉദ്യോഗസ്ഥര്‍ വീതമാണ് ഓരോ സംഘത്തിലും ഉണ്ടാകുക.