കോവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് സഹായം ;10 ലക്ഷം രൂപ;സൗജന്യ വിദ്യാഭ്യാസം; പ്രതിമാസ സ്‌റ്റൈപന്‍ഡ്

0

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുട്ടികള്‍ക്ക് സഹായവുമായി നരേന്ദ്ര മോദി സര്‍ക്കാര്‍. കോവിഡ് 19 മൂലം അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പി. എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതി പ്രകാരം പ്രായപൂര്‍ത്തി ആകുമ്പോള്‍ പ്രതിമാസ സ്‌റ്റൈപന്‍ഡ് നല്‍കും.അഞ്ചു വര്‍ഷത്തേക്കാണ് പ്രതിമാസ സ്‌റ്റൈപന്‍ഡ്. ഇവര്‍ക്ക് 23 വയസാകുമ്പോള്‍ 10 ലക്ഷം രൂപയും നല്‍കും. പി.എം കെയര്‍ ഫണ്ടില്‍ നിന്നാണ് ഈ തുക നല്‍കുക.

കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കും. പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശനം നല്‍കും. സ്വകാര്യ സ്‌കൂളില്‍ ആണ് പഠനം എങ്കില്‍ ചെലവ് സര്‍ക്കാര്‍ വഹിക്കും. 11നും 18നും ഇടയിലുള്ള കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നല്‍കും. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ ലോണ്‍ നേടാന്‍ സഹായിക്കും. സ്‌കോളര്‍ഷിപ്പ് അനുവദിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കോവിഡ് -19 മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കാന്‍ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. മഹാമാരി മൂലം അനാഥരായ കുട്ടികള്‍ക്ക് പ്രധാനമന്ത്രി നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഈ നടപടികള്‍ പ്രഖ്യാപിക്കുമ്പോള്‍ കുട്ടികള്‍ രാജ്യത്തിന്റെ ഭാവിയെ പ്രതിനിധീകരിക്കുന്നുവെന്നും കുട്ടികളെ പിന്തുണയ്ക്കാനും സംരക്ഷിക്കാനും രാജ്യം സാധ്യമായതെല്ലാം ചെയ്യുമെന്നും അതിനാല്‍ അവര്‍ ശക്തമായ പൗരന്മാരായി വളരുകയും ശോഭനമായ ഭാവിയുണ്ടാകുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം പ്രയാസകരമായ സമയങ്ങളില്‍ നമ്മുടെ കുട്ടികളെ പരിപാലിക്കുന്നതും ശോഭനമായ ഭാവിക്കായി പ്രത്യാശ പകരുന്നതും ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെ കടമയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!