രണ്ടാം കോവിഡ് 19 തരംഗത്തില്‍ നടപ്പാക്കിയ ലോക്ക് ഡൗണിനെ തുടര്‍ന്ന് ചെറുകിട വ്യാപാരികള്‍ അനുഭവിക്കുന്ന ദുരിതങ്ങളിലേക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശ്രദ്ധ ക്ഷണിക്കല്‍ സമരം വീട്ടുപടിക്കല്‍ നടത്തി.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം 14 ജില്ലകളിലും നടത്തിയ പരിപാടിയില്‍ വയനാട് ജില്ലയിലെ ഭൂരിപക്ഷം കച്ചവടക്കാരും കുടുംബാംഗങ്ങളും വീട്ടുപടിക്കല്‍ പ്ലെക്കാര്‍ഡുകള്‍ പിടിച്ച് സമരത്തില്‍ പങ്കെടുത്തു.
ലോക് ഡൗണ്‍കാലത്ത് അടച്ചിടുന്ന കടകളുടെ വാടക ഒഴിവാക്കുക,വ്യാപാരികളുടെ ബാങ്ക് വായ്പകള്‍ക്ക് ഒരു വര്‍ഷം പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കുക,പ്രത്യേക സാമ്പത്തിക പാക്കേജ്, ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുമ്പോള്‍ ഓണ്‍ ലൈന്‍ വ്യാപാരം നിര്‍ത്തലാക്കുക, ഫയലിംഗ് സമയം നീട്ടി നല്‍കുക, സമയബന്ധിതമായി മുഴുവന്‍ സ്ഥാപനങ്ങളും തുറക്കാന്‍ അനുവദിക്കുക ,പോലീസ് അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, വാക്‌സിന്‍ മുന്‍ഗണന ലിസ്റ്റില്‍ വ്യാപാരികളെ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മുഴുവന്‍ മേഖലകളിലും സമരം സംഘടിപ്പിച്ചത്. ഏകോപന സമിതി സംസ്ഥാന വൈസ് :പ്രസിഡണ്ട് ശ്രീ.കെ.കെ.വാസുദേവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു ,യൂത്ത് വിംഗ്
സംസ്ഥാന പ്രസിഡണ്ട് ജോജിന്‍ ടി ജോയ്,ജില്ലാ പ്രസിഡണ്ടും സംസ്ഥാന സെക്രട്ടറിയുമായ കുഞ്ഞുമോന്‍, ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ.ഉസ്മാന്‍, കെ.ടി.ഇസ്മായില്‍, ഇ.ഹൈദ്രു, നൗഷാദ് കാക്കവയല്‍, ജന.സെക്രട്ടറി റഷീദ് അമ്പലവയല്‍, ട്രഷറര്‍ ഉണ്ണികാമിയോ, ജില്ലാ ഭാരവാഹികളായ മുനീര്‍ നെടുങ്കണ, സന്തോഷ് എക്‌സല്‍,റെജിലാസ്, ദീപ്തിഷ്, തുടങ്ങിയവര്‍ നേത്യത്വം നല്‍കി.