പാസിനായി പൊലീസ്  വെബ്‌സൈറ്റില്‍ വന്‍ തിരക്ക്

0

ലോക്ക്ഡൗണില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങാനുള്ള ഓണ്‍ലൈന്‍ പാസിനായി വന്‍തിരക്ക്. വെബ്‌സൈറ്റ് നിലവില്‍വന്ന്, 24 മണിക്കൂറിനകം 1,75,125 പേരാണ് പാസിന് അപേക്ഷിച്ചത്. എന്നാല്‍, വളരെ അത്യാവശ്യക്കാരാണെന്ന് കണ്ടെത്തിയ 15,761 പേര്‍ക്ക് മാത്രമാണ് ആദ്യദിനം പാസ് അനുവദിച്ചത്.വീട്ടുജോലിക്കാര്‍, നിര്‍മാണ തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, പ്രായമാവയവരെ വീടുകളിലെത്തി പരിചരിക്കുന്നവര്‍, അടിയന്തരമായി ദീര്‍ഘദൂരയാത്ര ചെയ്യേണ്ടവര്‍ എന്നിവര്‍ക്കാണ് പ്രധാനമായും പാസ് അനുവദിക്കുന്നത്.

ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച വെബ്സൈറ്റില്‍ രാത്രിയോടെ 40,000 അപേക്ഷകളാണ് എത്തിയത്.ഒരേസമയം 5,000 പേര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്ന തരത്തിലാണ് വെബ്സൈറ്റ് സജ്ജമാക്കിയിരുന്നത്.മണിക്കൂറുകള്‍ക്കുള്ളില്‍ 10,000ത്തിലേറെ പേര്‍ വെബ്‌സൈറ്റിലേക്ക് ഇരച്ചുകയറിയതോടെ പാസിനായി തയാറാക്കിയ ബി-സെയ്ഫ് സൈറ്റ് തകരാറിലായി. ഞായറാഴ്ച രാവിലെയോടെയാണ് സൈറ്റ് വീണ്ടും പൂര്‍വ സ്ഥിതിയിലാക്കിയത്. എന്നാല്‍ ഉച്ചയോടെ അപേക്ഷകരുടെ എണ്ണം 80,000 കടന്നതോടെ സൈറ്റ് വീണ്ടും മെല്ലപ്പോക്കിലായി.ലഭിച്ച അപേക്ഷകളില്‍ 75,567 എണ്ണം പരിശോധനയില്‍ ആണ്. 81,797 പേര്‍ക്ക് യാത്രാനുമതി നിഷേധിച്ചു.അപേക്ഷിക്കുന്നവര്‍ക്കെല്ലാം യാത്രാ പാസ് നല്‍കാനാകില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അപേക്ഷകരില്‍ ഭൂരിഭാഗവും അനാവശ്യ യാത്രക്കാരാണെന്നും ഒഴിവാക്കാനാകാത്ത യാത്രക്ക് മാത്രമേ പാസ് ഉള്ളൂവെന്നും അദ്ദേഹം അറിയിച്ചു.മരണം, അടുത്ത ബന്ധുവിന്റെ വിവാഹം, ആശുപത്രി യാത്ര തുടങ്ങിയ ഒഴിവാക്കാത്ത ആവശ്യങ്ങള്‍ക്കും പാസ് അനുവദിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!