തമിഴ്നാട്ടിൽ നാളെ മുതൽ രാത്രികാല കർഫ്യൂ; ഞായറാഴ്ച്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ
കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി. നാളെ മുതൽ സംസ്ഥാനത്ത് രാത്രികാല കർഫ്യൂവും ഞായറാഴ്ച്ചകളിൽ സമ്പൂർണ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. അടിയന്തര മെഡിക്കൽ സേവനങ്ങൾ, പെട്രോൾ പമ്പുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയെ നൈറ്റ് കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രാത്രി 10 മുതൽ രാവിലെ 4 മണിവരെയാണ് കർഫ്യൂ. ഞായറാഴ്ച്ചകളിൽ ഹോട്ടലുകളിൽ ഹോം ഡെലിവറി സൗകര്യം മാത്രം ഉണ്ടായിരിക്കും. സിനിമാ തിയേറ്ററുകൾ, ഷോപ്പിങ് കോംപ്ലക്സ്, മാർക്കറ്റുകൾ തുടങ്ങിയവയെല്ലാം അടഞ്ഞിരിക്കും. ഇന്നലെയാണ് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി തമിഴ്നാട് സർക്കാർ ഉത്തരവുകൾ പ്രഖ്യാപിച്ചത്.പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പ്രാക്ടിക്കൽ പരീക്ഷകൾ നേരത്തേ തീരുമാനിച്ചത് പ്രകാരം നടക്കും.
തമിഴ്നാട്ടിൽ കോവിഡ് കേസുകൾ കുത്തനെ ഉയർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ പ്രഖ്യാപനം. ശനിയാഴ്ച്ച 9,344 പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 9,80,728 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്. 65,635 ആക്ടീവ് കേസുകളാണുള്ളത്.കേരളത്തിലും കോവിഡ് കേസുകൾ കുത്തനെ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ 18,257 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ റെക്കോർഡ് കണക്കാണിത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുതുക്കി. ഇവര്‍ക്ക് ആര്‍ ടി പി സി ആര്‍ പരിശോധന അല്ലെങ്കില്‍ 14 ദിവസം റൂം ഐസൊലേഷന്‍ നിര്‍ബന്ധമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന എല്ലാവരും ഇ-ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.വാക്‌സിന്‍ എടുത്തിട്ടുള്ളവരാണെങ്കിലും സംസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് 48 മണിക്കൂറിനുള്ളില്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തിയിരിക്കണം. അല്ലാത്തവര്‍ കേരളത്തില്‍ എത്തിയ ഉടന്‍ തന്നെ ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും പരിശോധനാ ഫലം ലഭിക്കുന്നതുവരെ അവരവരുടെ വാസസ്ഥലങ്ങളില്‍ റൂം ഐസൊലേഷനില്‍ കഴിയേണ്ടതുമാണ്.
എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,898 സാമ്പിളുകള്‍ പരിശോധിച്ചു. ബാക്കിയുള്ള സാമ്പിളുകളുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,42,71,741 സാമ്പിളുകളാണ് പരിശോധിച്ചത്.