ചുണ്ടക്കര അരിഞ്ചേര്‍മല റോഡിന്റെ പ്രവൃത്തികള്‍ ഇഴഞ്ഞു നീങ്ങുന്നതിനാല്‍ സ്‌കൂള്‍ കുട്ടികള്‍ അടക്കമുള്ള കാല്‍നടയാത്രക്കാര്‍ തീര്‍ത്തും ദുരിതത്തിലായിരിക്കുകയാണ്. റോഡിന്റെ പല ഭാഗങ്ങളിലായി കലുങ്കുകളുടെ നിര്‍മ്മാണം തുടങ്ങിയിട്ട് മാസങ്ങളായിട്ടും ഇവ പൂര്‍ത്തികരിക്കാത്തതാണ് നാട്ടുകാരെ ദുരിതത്തിലാക്കിയത്.ഈ റോഡ് ഉന്നത നിലവാരത്തിലുള്ള റോഡാക്കി മാറ്റുന്നതിനായി നാല് കോടി രൂപയോളം ഫണ്ട് വകയിരുത്തിയാണ് പ്രവൃത്തികള്‍ ആരംഭിച്ചത്. എന്നാല്‍ ഒച്ചിഴയും വേഗത്തിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.എത്രയും വേഗത്തില്‍ ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റോഡിന്റെ പല ഭാഗങ്ങളിലും കലിങ്കുകളുടെ നിര്‍മ്മാണത്തിനായി മണ്ണ് എടുത്തിരുന്നു. ഇവ മഴക്കാലം ആരംഭിച്ചതോടെ റോഡിലേക്ക് ഒഴുകി ചളിക്കുളമായി മാറിയിരിക്കുകയാണ്. സ്‌കൂള്‍ കുട്ടികളടക്കം ധാരാളം പേരാണ് ഇതുവഴി നടന്നു പോകാന്‍ പോലും കഴിയാതെ ദുരിതത്തിലായത്. മിക്ക ദിവസങ്ങളിലും വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ ദേഹത്തും യൂണിഫോമിലും ചെളി തെറിച്ച് പഠനം മുടങ്ങുന്നതും പതിവുകാഴ്ചയായി മാറിയിരിക്കുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.