തമിഴ്‌നാട്ടില്‍ 65 ശതമാനം പോളിങ്; പുതുച്ചേരിയില്‍ 78 ശതമാനം
തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മികച്ച പോളിങ്. തമിഴ്‌നാട്ടില്‍ 65 ശതമാനം പേര്‍ വോട്ട് ചെയ്തു. പുതുച്ചേരിയില്‍ 78 ശതമാനത്തിലധികം പേരും വോട്ട് രേഖപ്പെടുത്തി.തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ സമാധാനപരമായിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി സിലുവമ്പളയത്തിലും എം.കെ സ്റ്റാലിന്‍ ചെന്നൈയിലും വോട്ട് രേഖപ്പെടുത്തി. മക്കള്‍ നീതിമയ്യം നേതാവ് കമല്‍ഹാസന്‍ തെയ്‌നംപേട്ടിലും രജനികാന്ത് തൗസണ്ട് ലൈറ്റ്‌സ് മണ്ഡലത്തിലും വോട്ട് രേഖപ്പെടുത്തി.തൊണ്ടമുതിറിലെ ഡി.എം.കെ സ്ഥാനാര്‍ഥി കാര്‍തികേയ ശിവസേനാപതി യുടെ കാര്‍ ഒരു സംഘം തകര്‍ത്തു. രാമനാഥപുരത്ത് പോളിങ് ബൂത്ത് തകര്‍ന്ന് 5 വോട്ടര്‍മാര്‍ക്ക് പരിക്ക് പറ്റി. കോവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ പേരില്‍ മന്ത്രി വേലുമണി അടക്കം 3 പേര്‍ക്കെതിരെ കേസെടുത്തു.കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ ബി.ജെ.പി വോട്ടര്‍മാര്‍ക്ക് പണം വിതരണം നടത്തിയെന്ന് ആരോപിച്ച് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വോട്ടര്‍മാര്‍ക്ക് ഡി.എം.കെ പണം നല്‍കിയെന്ന് ആരോപിച്ച് തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി ഖുഷ്ബു സുന്ദര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് നടനും ഡി.എം.കെ സ്ഥാനാര്‍ഥിയുമായി ഉദയനിധി സ്റ്റാലിനെതിരെ എ.ഐ.എ.ഡി.എം.കെ പരാതി നല്‍കി. പുതുച്ചേരിയില്‍ 30 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഉച്ചക്ക് മുമ്പ് തന്നെ 50 ശതമാനത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തി. കാര്യമായ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.തമിഴ് താരങ്ങളടക്കം പ്രമുഖര്‍ പലരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താന്‍ എത്തി. സൈക്കിള്‍ ചവിട്ടി വോട്ട് രേഖപ്പെടുത്താന്‍ എത്തിയ സൂപ്പര്‍ താരം വിജയ് ആയിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഇന്ധന വിലവര്‍ധനവിനെതിരായ പ്രതിഷേധ സൂചകമായാണ് വിജയ് സൈക്കിളിലെത്തിയത്.