ഭക്ഷ്യക്കിറ്റ്, സ്‌പെഷ്യല്‍ അരി വിതരണം ഇന്ന് തുടങ്ങും. തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കിയ സാഹചര്യത്തിലാണ് കിറ്റ് വിതരണം തുടങ്ങുന്നത്. മുന്‍ഗണനാ വിഭാഗങ്ങള്‍ക്കാണ് ഇന്ന് മുതല്‍ കിറ്റ് നല്‍കുക. ഇതിനായുള്ള കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്തിച്ചു.
വിഷുവിന് മുമ്പ് കിറ്റു വിതരണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.അരി വിതരണം നിര്‍ത്തിവെച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തതോടെയാണ് വിതരണം തുടങ്ങാന്‍ തീരുമാനിച്ചത്. മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് പതിനഞ്ച് രൂപക്ക് 10 കിലോ സ്‌പെഷ്യല്‍ അരി വിതരണം ചെയ്യുന്നതായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അരി വിതരണം തുടരാമെന്ന് ഉത്തരവിട്ട കോടതി ഇതിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കരുതെന്നും നിര്‍ദേശിച്ചു.
വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കിലോയ്ക്ക് 15 രൂപ നിരത്തില്‍ 10 കിലോ അരി വീതം വിതരണം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.സ്‌പെഷല്‍ അരി വിതരണം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഉത്തരവ് ഇറക്കിയതാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.