വള്ളിയൂര്‍ക്കാവ് ആറാട്ടുമഹോത്സവം സമാപിച്ചു

0

വയനാടിന്റെ ദേശീയ ഉത്സവമായ വള്ളിയൂര്‍ക്കാവ് ആറാട്ടുമഹോത്സവം സമാപിച്ചു.താഴെക്കാവിലെ ഒപ്പനദര്‍ശനത്തിന് ശേഷംകോലംകൊറ ചടങ്ങോടു കൂടി ഉത്സവം സമാപിച്ചു.മാര്‍ച്ച് 15ന് പള്ളിയറവാള്‍ വള്ളിയൂര്‍ക്കാവിലേക്ക് എഴുന്നള്ളിച്ചതോടെയാണ് 15 ദിവസം നീണ്ടുനിന്ന ഉത്സവം തുടങ്ങിയത്.

ഉത്സവത്തിന്റെ സമാപന ദിവസമായ ഞായറാഴ്ച രാത്രി വിവിധ ക്ഷേത്രത്തില്‍ നിന്നുള്ള അടിയറകള്‍ വള്ളിയൂര്‍ക്കാവില്‍ സംഗമിച്ചു.തലപ്പുഴയില്‍ നിന്നും ജെസ്സിയില്‍ നിന്നും ആനകളുടെ അകമ്പടിയോടെ എത്തിയ അടിയറ രാത്രി പത്ത് മണിയോടെ കാവിലെ ത്തി. തുടര്‍ന്ന് കോവിഡിന്റെ പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങുകളോടെ ആറാട്ടുതറയിലേക്ക് ആറാട്ടെഴുന്നള്ളത്ത് നടത്തി.

താഴെക്കാവിലെ ഒപ്പനദര്‍ശനത്തിന് ശേഷം കോലംകൊറ (രുധിരക്കോലം) ചടങ്ങ് നടന്നു. പ്രതീകാത്മകമായി കാളി ദാരികനെ വധിച്ചതോടെ ഉത്സവത്തിന് പരിസമാപ്തിയായി. തുടര്‍ന്ന് ദേവിയുടെ തിരുവായുധമായ വാള്‍ പള്ളിയറ ക്ഷേത്രത്തിലേക്കും അവിടെ നിന്നും എടവക ജിനരാജതരകന്റെ വീട്ടിലേക്കും എഴുന്നള്ളിച്ചു.

ക്ഷേത്രത്തില്‍ നടത്തിയ വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി കുഞ്ഞിക്കല്ല് വരശാല ഇല്ലം ശ്രിജേഷ്‌നമ്പുതിരിമുഖ്യകാര്‍മികത്വം വഹിച്ചു. ഉത്സവം തുടങ്ങി ഏഴാംനാളാണ് ആരാട്ടുത്സവത്തിന് കൊടി ഉയര്‍ത്തിയത്. ഉത്സവം സമാപിച്ച് ഏഴാംനാള്‍ ഇനി കൊടിയിറക്കും.

ക്ഷേത്രത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ. വാസു, ക്ഷേത്രം എക്‌സി. ഓഫീസര്‍ ഗിരിഷ് കുമാര്‍, ട്രസ്റ്റിമാരായ ഏച്ചോം ഗോപി, ഇ.പി. മോഹന്‍ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!