ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്നവരെ മനുഷ്യരായി കാണാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. ബൈജുനാഥ്. മുന്നില്‍ വരുന്നവന്‍ യജമാനന്‍ ആണെന്ന നിലയില്‍ അവരോട് പെരുമാറണം. അവര്‍ ഉദ്യോഗസ്ഥരെ തമ്പുരാക്കന്‍മാരായി കാണുന്നത് അറിവില്ലായ്മ കൊണ്ടാണ്. ഇവിടെ യഥാര്‍ഥ ഉത്തരവാദിത്ത്വം അറിഞ്ഞു പെരുമാറാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന് ബൈജുനാഥ് പറഞ്ഞു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ അഭിമുഖ്യത്തില്‍ വയനാട് ജില്ലാ ഭരണകൂടം സംഘടിപ്പിച്ച മനുഷ്യാവകാശ കമ്മീഷന്റെ നടപടിക്രമങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട പരാതികളില്‍ വിവിധ വകുപ്പുകളോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയാല്‍ അത് വൈകിപ്പിക്കുന്ന പ്രവണത കാണുന്നുണ്ട്. ഇത് അംഗീകരിക്കാനാവില്ല. സിവില്‍ കോടതിയുടെ അധികാരമുള്ള മനുഷ്യാവകാശ കമ്മീഷന് ഇത്തരം അധികാരങ്ങള്‍ പ്രയോഗിക്കാന്‍ ഇടവരുത്താതിരിക്കാന്‍ ഉദ്യോഗസ്ഥരുടെ ജാഗ്രത വേണമെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യന്റെ ജീവന്‍, സ്വാതന്ത്യം, സമത്വം, അന്തസ് എന്നിവയെ ബാധിക്കുന്ന എല്ലാ സാഹചര്യങ്ങളും മനുഷ്യാവകാശവുമായി ബന്ധപ്പെട്ടതാണ്.
ജീവിക്കാനുള്ള അവകാശം പ്രകൃതിദത്തമായ അവകാശമാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശത്തിന് എല്ലാവരും അര്‍ഹരാണ്. അതിന് ലിംഗ വ്യത്യാസമില്ല. മനുഷ്യാവകാശത്തിന്റെ ആവശ്യകതയും ഉത്തരവാദിത്ത്വവും സംരക്ഷിക്കപ്പെടാന്‍ ഓരോ വ്യക്തിയും ബാദ്ധ്യസ്ഥനാണെന്നും ബൈജുനാഥ് ചൂണ്ടിക്കാട്ടി.
സിവില്‍ സ്റ്റേഷനിലെ എ.പി.ജെ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ എ ഗീത അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയായ സബ് ജഡ്ജ് കെ.രാജേഷ്, എ.ഡി.എം എന്‍ ഐ ഷാജു, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ കെ അശോകന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.