കൗസല്യയ്ക്ക് സഹായവുമായി മാവേലിക്കര സ്വദേശിനി നീതു

0

അമ്മാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ട കൗസല്യക്ക് സഹായവുമായി മാവേലിക്കര സ്വദേശിനിയായ നീതുവെത്തി. വെറും രണ്ടാഴ്ചത്തെ പരിചയമാണ് നീതുവിനെ കൗസല്യയുമായി അടുപ്പിച്ചത്. കോയമ്പത്തൂര്‍ അമൃത യൂണിവേഴ്സിറ്റില്‍ നിന്ന് പി.എച്ച്.ഡി എടുക്കുന്നതിന്റെ ഭാഗമായാണ് രണ്ടാഴ്ച മുമ്പ് നീതു വയനാട്ടിലെത്തിയത്. വയനാട്ടിലെ എസ്.ടി വിഭാഗത്തില്‍പ്പെട്ട മുള്ളകുറുമരുടെ ജീവിതമായിരുന്നു നീതുവിന്റെ ഗവേഷണ വിഷയം. പ്രസ്തുത വിഷയം പഠിപ്പിക്കുന്നതിനായി പാക്കത്തെ കുറുമ കോളനി സന്ദര്‍ശിക്കാനും അവരുടെ ജീവിതരീതികളും ആചാരങ്ങളും പഠിക്കുന്നതിന്റെ ഭാഗമായി കല്ലുവയല്‍ ജയശ്രീ ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് ഹോസ്റ്റലിലായിരുന്നു നീതുവിന്റെ താമസം. ഹോസ്റ്റലിലെ പാചകക്കാരിയായ കൗസല്യക്ക് മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ട കഥയടക്കം നീതുവറിയുന്നത് കഴിഞ്ഞ ദിവസമായിരുന്നു. മഴക്കെടുതി രൂക്ഷമായിരുന്ന അമ്മാറയില്‍ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട കൗസല്യയുടെ ജീവിതാവസ്ഥ ദയനീയമായി തുടരുന്നതറിഞ്ഞ നീതു തനിക്ക് പതിവായി ഭക്ഷണം വിളമ്പുന്ന അമ്മക്കായി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കോയമ്പത്തൂരുള്ള സുഹൃത്തുക്കളെ ഫോണില്‍ ബന്ധപ്പെടുകയും, അവിടുത്തെ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അവരുടെ സന്മനസ് കൊണ്ട് സ്വരൂപീപിച്ച പണവും, തനിക്കാവുന്ന വിധത്തിലുള്ള സഹായവും ഒരുമിച്ച് ചേര്‍ത്ത് അമ്മാറയില്‍ കൗസല്യയെ കാണാനെത്തുകയായിരുന്നു. ചെറുതല്ലാത്തൊരു തുക നല്‍കി മടങ്ങുമ്പോള്‍ കൗസല്യയുടെയും നീതുവിന്റെയും കണ്ണുകള്‍ ഒരുപോലെ നിറഞ്ഞു. തന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇതുപോലൊരമ്മയെ കാണാന്‍ സാധിച്ചതെന്നും, അവരുടെ നൊമ്പരം തന്റേത് കൂടിയായി മാറുകയായിരുന്നുവെന്നും നീതു പറയുന്നു. അതേസമയം, സര്‍ക്കാര്‍ സഹായം അടിയന്തരമായി ലഭ്യമാകുന്ന പ്രതീക്ഷയാണ് കൗസല്യക്കുള്ളത്. മകന്‍ കൂലിപ്പണി ചെയ്തുകിട്ടുന്ന പണവും, അമ്മാറയില്‍ നിന്നും കിലോമീറ്ററുകള്‍ താണ്ടി പുല്‍പ്പള്ളി കല്ലുവയലിലെ ജയശ്രീ കോളജിലെ ഹോസ്റ്റലിലെത്തി പാചകം ചെയ്തുകിട്ടുന്ന പണവുമാണ് കൗസല്യയുടെ ജീവിതമാര്‍ഗം. പൂര്‍ണമായി നഷ്ടപ്പെട്ട വീടിന് പകരം മറ്റൊരു വീടെന്ന സ്വപ്നവുമായി കഴിയുന്ന കൗസല്യ തനിക്കാവുന്ന സഹായവുമായെത്തിയ നീതുവിനെ ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. തന്റെ മകളുടെ പ്രായമുള്ള പെണ്‍കുട്ടിക്ക് തോന്നിയ നല്ല മനസിന് അവര്‍ നന്ദി പറഞ്ഞു. ലേബര്‍ ഓഫീസറായിരുന്ന സുരേഷ്ബാബുവിന്റെയും പോസ്റ്റ്മാസ്റ്ററായ ശ്രീലതയുടെയും മകളായ നീതു മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തില്‍ നിന്നും ഒരിക്കലും ഒഴിഞ്ഞുമാറിയിട്ടില്ല. ചങ്ങനാശേരി അസംപ്ഷന്‍ കോളജിലെ പഠനകാലം മുതല്‍ നീതു സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. മാവേലിക്കര ആലുംപറമ്പില്‍ വീട്ടില്‍ നീതുവിന് എല്ലാ സഹായവുമായി സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് അരുണും ഒപ്പമുണ്ട്. പുല്‍പ്പള്ളി സിറ്റി ക്ലബ്ബ് ഭാരവാഹികളായ ബെന്നിമാത്യു, കെ ആര്‍ ജയരാജ് എന്നിവര്‍ക്കൊപ്പമാണ് നീതു അമ്മാറയിലെ കൗസല്യയുടെ വീട്ടിലെത്തി സഹായധനം കൈമാറിയത്.

Leave A Reply

Your email address will not be published.

error: Content is protected !!