മുട്ടില്‍ ഡബ്ല്യു എം ഒ കോളേജിലെ മഴവെള്ള സംഭരണി വൃത്തിയാക്കുന്നതിനിടയില്‍ ശ്വാസം കിട്ടാതെ കുടുങ്ങിയ യുവാവിനെ കല്‍പ്പറ്റ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി. ചുള്ളിയോട് അഞ്ചാം മൈല്‍ സ്വദേശി അഷ്‌റഫാണ് (35) സംഭരണിക്കുള്ളില്‍ അകപ്പെട്ടത്.
മഴവെള്ള സംഭരണി വൃത്തിയാക്കുന്നതിനിടയിലാണ് ബോധരഹിതനായി സംഭരണിക്കുള്ളില്‍ യുവാവ് കുടുങ്ങിയത്. ഇയാളെ ബിഎ സെറ്റ് ഇട്ട് സംഭരണിക്കുള്ളില്‍ ഇറങ്ങി പുറത്തെടുക്കുമ്പോള്‍ ശ്വാസം നിലച്ചു തുടങ്ങിയിരുന്നു.ഹോസ്പിറ്റലില്‍ എത്തുന്നതു വരെയും സിപിആര്‍ നല്‍കിയാണ് ജീവന്‍ പിടിച്ചുനിര്‍ത്തിയത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ദീപ്ത് ലാല്‍ ആണ് സംഭരണിക്കുള്ളില്‍ ഇറങ്ങി യുവാവിനെ പുറത്തെടുത്തത് . സ്‌റ്റേഷന്‍ ഓഫീസര്‍ കെ എം ജോമി,അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടി പി രാമചന്ദ്രന്‍, സീനിയര്‍ ഫയര്‍ അസിസ്റ്റന്റ് ഫയര്‍ ഓഫീസര്‍ പി എം അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സേനാംഗങ്ങളാണ് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.