ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തണമെന്നത് നിങ്ങള്‍ നിരവധി തവണ കേട്ടിരിക്കാം. പ്രത്യേകിച്ച് പച്ച നിറത്തിലുള്ള പച്ചക്കറികള്‍. ഇത്തരം പച്ചക്കറികള്‍ പോഷകങ്ങളുടെ ശക്തി കേന്ദ്രമാണെന്നാണ് പറയപ്പെടുന്നത്.
ഇവയില്‍ പ്രധാനപ്പെട്ട ഒന്നാണ് ബ്രൊക്കോളി. ബ്രോക്കോളിയില്‍ പലതരം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ സി, സിങ്ക്, ചെമ്പ്, വൈറ്റമിന്‍ ബി, പ്രോട്ടീന്‍, ഫൈബര്‍, പൊട്ടാസ്യം, വൈറ്റമിന്‍ കെ എന്നിവ ബ്രൊക്കോളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.കാല്‍സ്യം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് പാലിന് പകരമായും ഉപയോഗിക്കാം. സാലഡ് മുതല്‍ സൂപ്പ് വരെ വ്യത്യസ്ത രീതികളില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ബ്രൊക്കോളി നിങ്ങള്‍ക്ക് ഉള്‍പ്പെടുത്താവുന്നതാണ്. ബ്രൊക്കോളിയുടെ നിങ്ങള്‍ തീര്‍ച്ചയായും അറിയേണ്ട ചില ഗുണങ്ങള്‍ ഇതാ..
- കാന്‍സറിനെ ചെറുക്കുന്ന ഏറ്റവും ശക്തിയുള്ള സള്‍ഫോറാഫെയ്‌നിന്റെ സമൃദ്ധമായ ശേഖരം തന്നെ ബ്രൊക്കോളിയിലുണ്ട്. ശരീരത്തിലെ വിഷാംശം കുറയ്ക്കുകയും അതുവഴി ശരീരത്തിലെ നീര്‍ വീക്കങ്ങളും മറ്റും കുറയ്ക്കുകയും ചെയ്യുന്ന ഒരു ഫൈറ്റോകെമിക്കല്‍ ആണ് സള്‍ഫോറഫെയ്ന്‍.
- ക്യാന്‍സര്‍ കോശങ്ങളുടെ വേഗത്തിലുള്ള വളര്‍ച്ചയെ കുറയ്ക്കുകയും അതുവഴി കാന്‍സര്‍ മുഴകളുടെ വളര്‍ച്ച ചെറുക്കുകയും ചെയ്യാന്‍ ബ്രൊക്കോളിയ്ക്ക് കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
- ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് ഗുണം ചെയ്യുന്ന പൊട്ടാസ്യം ബ്രോക്കോളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഫൈബര്‍, വൈറ്റമിന്‍ സി, വൈറ്റമിന്‍ കെ, ഇരുമ്പ്, പൊട്ടാസ്യം എന്നിവയുള്‍പ്പെടെയുള്ള അവശ്യ പോഷകങ്ങള്‍ ബ്രൊക്കോളിയില്‍ വളരെ ഉയര്‍ന്ന അളവിലുണ്ട്. മറ്റ് പച്ചക്കറികളേക്കാള്‍ കൂടുതല്‍ പ്രോട്ടീന്‍ ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുണ്ടെന്ന് പോഷകാഹാര വിദഗ്ധര്‍ തന്നെ പറയുന്നു.
- ഈ സൂപ്പര്‍ ഗ്രീന്‍ പച്ചക്കറിയില്‍ ഉയര്‍ന്ന അളവില്‍ നാരുകളും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ക്വെര്‍സെറ്റിന്‍ പോലുള്ള ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ബ്രൊക്കോളി പ്രമേഹരോഗികള്‍ക്കും വളരെ സുരക്ഷിതമായി തന്നെ ഉപയോഗിക്കാം.
- ആന്റിഓക്‌സിഡന്റുകളും ഫൈബറും അടങ്ങിയിരിക്കുന്നതിനാല്‍ ബ്രോക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും.
- ബ്രോക്കൊളിയും തക്കാളിയും ഇടകലർത്തിയ ഭക്ഷണം ശീലമാക്കുന്നത് സ്തനാർബുദത്തെ ചെറുക്കുന്നതിനു സഹായകമാകുമെന്നും പഠനങ്ങൾ പറയുന്നു
- ചില പഠനങ്ങളനുസരിച്ച് ബ്രൊക്കോളി പോലുള്ള ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഹൃദ്രോഗ സാധ്യതകളെ ഒരു പരിധി വരെ നിയന്ത്രിക്കാനും സഹായിക്കുന്നു. ദഹനം വര്‍ദ്ധിപ്പിക്കുന്നതിനും നാരുകള്‍ സഹായകമാണ്. ഇത് മികച്ച മലവിസര്‍ജ്ജനം ഉറപ്പാക്കുകയും മലബന്ധം കുറയ്ക്കുകയും ചെയ്യുന്നു.
- വൈറ്റമിന്‍ സിയും ബ്രോക്കോളിയില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് നിങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ചര്‍മ്മത്തിനും ഗുണം ചെയ്യും. എന്നാല്‍ ബ്രൊക്കോളി ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ബ്രൊക്കോളി ശരിയായി വൃത്തിയാക്കണമെന്നതാണ്. ശരിയായ രീതിയില്‍ ആവിയില്‍ വേവിച്ച് ഉപയോഗിക്കണമെന്നും വിദഗ്ധര്‍ പറയുന്നു.
- ഇറ്റാലിയൻ സസ്യമാണ് ബ്രോക്കൊളി. ഇതിന്റെ പൂത്തലകൾ ഭക്ഷ്യയോഗ്യമാണെന്ന് ആദ്യം തിരിച്ചറിഞ്ഞതും ഇറ്റലിക്കാരാണെന്നാണ് കരുതപ്പെടുന്നത്. ശൈത്യ കാലാവസ്ഥയിൽ വളരുന്ന സസ്യമാണ് ബ്രോക്കൊളി. ഉഷ്ണമേഖലയിൽ ഇവ വളരുക പ്രയാസമാണ്.