കൊവിഡ് മൂന്നാം തരംഗത്തില്‍ കുട്ടികള്‍ക്കിടയില്‍ രോഗവ്യാപനം കൂടിയേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഈ സാധ്യത മുന്‍കൂട്ടി കണ്ട് ചികിത്സയ്ക്കായി വേണ്ട സജ്ജീകരണങ്ങള്‍ സംസ്ഥാനം ചെയ്ത് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് വന്ന കുട്ടികളില്‍ അപൂര്‍വമായി കണ്ടുവരുന്ന മള്‍ട്ടി സിസ്റ്റം ഇന്‍ഫല്‍മേറ്ററി സിന്‍ഡ്രോം എന്ന രോഗത്തെ കണ്ടെത്താനും ചികിത്സിക്കാനുമുള്ള മാര്‍ഗരേഖയും തയ്യാറാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.
മൂന്നാം തരംഗത്തിനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ട് ആവശ്യമായ തയാറെടുപ്പാണ് സംസ്ഥാനത്ത് നിലവില്‍ നടത്തി വരുന്നത്. മുതിര്‍ന്നവരില്‍ വലിയ ശതമാനം ആളുകള്‍ക്കും വാക്സിനേഷന്‍ വഴിയും, രോഗബാധയാലും പ്രതിരോധ ശക്തി ആര്‍ജിക്കാന്‍ സാധ്യതയുള്ളതിനാല്‍ മൂന്നാം തരംഗത്തില്‍ അതുവരെ കാര്യമായി രോഗബാധയുണ്ടാക്കാത്ത കുട്ടികള്‍ക്കിടയില്‍ കേസുകള്‍ കൂടിയേക്കാം. അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയോടെയാണ് സര്‍ക്കാര്‍ മൂന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.