വാട്‌സ്ആപ്പ് പോലെ ഞൊടിയിടയില്‍ സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയുന്ന ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകള്‍ക്ക് ബദല്‍ ഒരുക്കി കേന്ദ്രസര്‍ക്കാര്‍. സന്ദേശ് എന്ന പേരില്‍ തദ്ദേശീയമായി വികസിപ്പിച്ച ആപ്പാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററാണ് ഇത് വികസിപ്പിച്ചത്. നിലവില്‍ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ മാത്രമാണ് ഇത് ലഭ്യമാകുകയുള്ളൂ. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തിട്ടില്ല. സന്ദേശ് ആപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആശയവിനിമയം നടത്തുന്നതിനായി വാട്സാപ്പിന് സമാനമായ സംവിധാനം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. ആഭ്യന്തര വിപണിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി. ഇതിന് പിന്നാലെയാണ് ജനങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയും വിധം വാട്സാപ്പിന് സമാനമായ സംവിധാനം പരിഷ്‌കരിച്ച് ഈ രൂപത്തില്‍ അവതരിപ്പിച്ചത്.സന്ദേശ് ആപ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സാധാരണ വ്യക്തികള്‍ക്കും ഒരുപോലെ ഉപയോഗിക്കാനാവും. സന്ദേശ് എന്ന ഹിന്ദി വാക്കിന്റെ അര്‍ത്ഥം മലയാളത്തില്‍ സന്ദേശം എന്നാണ്.
വാട്സാപ്പിനെ പോലെ തന്നെ സന്ദേശും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനോടുകൂടിയ മെസേജിങ് ആപ്പ് ആണ്. സന്ദേശങ്ങള്‍ അയക്കാനും, ചിത്രങ്ങള്‍, വീഡിയോകള്‍, കോണ്‍ടാക്റ്റുകള്‍ എന്നിവ അയക്കാനും ഇത് ഉപയോഗിക്കാം. ഗ്രൂപ്പ് ചാറ്റ് സൗകര്യവും ഇതിലുണ്ട്.
സര്‍ക്കാരിന്റെ ജിംസ് എന്ന വെബ്‌സൈറ്റില്‍ (GIMS) നിന്ന് സന്ദേശിന്റെ എപികെ (APK) ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ആപ്പ് ഉപയോഗിക്കാം. ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഇത്തരത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്. ആന്‍ഡ്രോയിഡ് 5.0 പതിപ്പിലും അതിന് ശേഷം പുറത്തിറങ്ങിയ ഫോണുകളിലുമാണ് സന്ദേശ് പ്രവര്‍ത്തിക്കുക. ഐഓഎസ് ഉപയോക്താക്കള്‍ക്ക് ആപ്പ്സ്റ്റോറില്‍ നിന്ന് സന്ദേശ് ഡൗണ്‍ലോഡ് ചെയ്യാം. മൊബൈല്‍ നമ്പറോ ഇ-മെയില്‍ ഐഡിയോ നല്‍കി സന്ദേശില്‍ ലോഗിന്‍ ചെയ്യാം.