ഇഞ്ചി വന്‍വിലത്തകര്‍ച്ച കര്‍ഷകര്‍ക്ക് ജീവിതത്തകര്‍ച്ച

0

ഇഞ്ചിയുടെ വന്‍വിലത്തകര്‍ച്ച കര്‍ഷകരെ പ്രതിസന്ധിയിലാക്കി. ചാക്കിന് 900 രൂപയിലേക്ക് ഇഞ്ചിയുടെ വില കൂപ്പുകുത്തിയതോടെ കനത്തനഷ്ടം അതിജീവിക്കാനാവാതെ ദുരത്തിലായിരിക്കുകയാണ് കര്‍ഷര്‍.കഴിഞ്ഞ വര്‍ഷം ചാക്കിന് 2500ല്‍ തുടങ്ങി 6000 രൂപ വരെ വിലയെത്തിയ ഇഞ്ചിയാണ് ഈ വര്‍ഷം ഇത്തരത്തില്‍ വന്‍വിലത്തകര്‍ച്ച നേരിടുന്നത്.

കര്‍ണാടകയില്‍ സ്ഥലം പാട്ടത്തിനെടുത്ത് പതിനായിരക്കണക്കിന് കര്‍ഷകരാണ് ഇഞ്ചി കൃഷി നടത്തിവരുന്നത്. വില കുത്തനെ ഇടിഞ്ഞതോടെ പല കര്‍ഷകരും വിളവെടുപ്പ് നടത്താതെ നാട്ടിലേക്ക് മടങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്. നിലവില്‍ ഒരു ചാക്ക് ഇഞ്ചി വിളവെടുത്താല്‍ പണിക്കൂലി കഴിഞ്ഞ് കേവലം 800 രൂപമാത്രമാണ് ലഭിക്കുന്നത്. ഇത് മുതല്‍മുടക്കിനേക്കാള്‍ എത്രയോ കുറവാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ലക്ഷണക്കിന് രൂപ മുതല്‍ മുടക്കി വര്‍ഷങ്ങളായി ഏറെ പ്രതീക്ഷയോടെ ലക്ഷക്കണക്കിന് രൂപ കടമെടുത്താണ് കര്‍ഷകര്‍ കൃഷി ആരംഭിച്ചത്. വില കുത്തനെ ഇടിഞ്ഞതോടെ ഇഞ്ചി പറിക്കാതെ ഇട്ടിരിക്കുകയാണ്. ജലസേചനത്തിനും മറ്റുമായി ലക്ഷകണക്കിന് രൂപയുടെ പൈപ്പുകളടക്കമാണ് കൃഷിക്കായി വാങ്ങിയത്. വിളവെടുത്താല്‍ മുതല്‍ മുടക്കിന്റെ നാലിലൊന്ന് പോലും ലഭിക്കില്ല. വിലസ്ഥിരത ഇഞ്ചികൃഷി നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്.

അതുകൊണ്ട് തന്നെ ഇനിയൊരു പരീക്ഷണത്തിനില്ലെന്ന് ഉറപ്പിച്ച് പല കര്‍ഷകരും ഇഞ്ചികൃഷിയില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. അവരുടെ തീരുമാനം ശരിവെക്കുന്ന വിധത്തിലാണ് ഇത്തവണത്തെ ഇഞ്ചിയുടെ വില. ലോണെടുത്തും, സ്വര്‍ണം പണയം വെച്ചും കൃഷി നടത്തിവരുന്ന നിരവധി പേരാണ് കര്‍ണാടകയിലെ കുടക്, നഞ്ചന്‍ഗോഡ്, എച്ച് ഡി കോട്ട തുടങ്ങിയ മേഖലയിലുള്ളത്. ഒരു കൃഷിയുടെ പാട്ടം തന്നെ ഒരു ലക്ഷം രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ്. അടുത്ത കൃഷിക്കായി മുന്‍കൂട്ടി സ്ഥലം പാട്ടത്തിനെടുത്ത് അഡ്വാന്‍സ് നല്‍കിയ കര്‍ഷകരും നിരവധി പേരുണ്ട്.

ഇവര്‍ക്ക് അടുത്ത കൃഷി നടത്തണമെങ്കില്‍ വിളവെടുക്കേണ്ട സാഹചര്യമാണ്. എന്നാല്‍ വിലയില്ലാതായതോടെ അഡ്വാന്‍സ് തുക ഉപേക്ഷിച്ച് പലരും കൃഷിയില്‍ നിന്ന് തന്നെ പിന്തിരിയുകയാണ്. ബാക്കി പാട്ട പൈസ അടിയന്തരമായി നല്‍കിയില്ലെങ്കില്‍ നിലവിലുള്ള കൃഷി വിളവെടുക്കാന്‍ അനുവദിക്കില്ലെന്ന് സ്ഥലമുടമകള്‍ പറയുന്നത് അടിയന്തരമായി സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കിയില്ലെങ്കില്‍ കര്‍ഷക ആത്മഹത്യ വര്‍ധിക്കാനുള്ള സാഹചര്യം തള്ളിക്കളയാനാവില്ലെന്ന് കര്‍ഷകര്‍ പറയുന്നത്. മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി കര്‍ണാടകയില്‍ പ്രാദേശിക കര്‍ഷകര്‍ ധാരാളമായി ഇഞ്ചി കൃഷി ചെയ്തുവരുന്നുണ്ട്.

അടുത്ത വര്‍ഷത്തേക്ക് ഏക്കര്‍ കണക്കിന് സ്ഥലം പാട്ട ത്തിനെടുത്തിട്ടിരിക്കുന്ന നിരവധി മലയാളി കര്‍ഷക രുമുണ്ട്. ഇവരുടെയെല്ലാം പ്രതീക്ഷ ഇത്തവണത്തെ വിളവായിരുന്നു. എന്നാല്‍ വിലയില്ലാതായതോടെ അടുത്ത വര്‍ഷത്തേക്കുള്ള കൃഷി നടത്താന്‍ പോലും പലര്‍ക്കും സാധിക്കില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കുന്നു. വിലയിലെ വന്‍ ഇടിവ് മൂലം കടങ്ങള്‍ വീട്ടാനാവാതെ കര്‍ഷകരുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുന്ന അവസ്ഥ യിലാണ്.

ലക്ഷകണക്കിന് രൂപ കടബാധ്യതയാണ് പല കര്‍ഷകര്‍ക്കുമുള്ളത്. അതുകൊണ്ട് തന്നെ വില വര്‍ധിച്ചില്ലെങ്കില്‍ എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.

Leave A Reply

Your email address will not be published.

error: Content is protected !!