സംസ്ഥാനത്തെ നദികളില്‍ നിന്നു മണല്‍ വാരിയാല്‍ പിഴത്തുക 25,000 രൂപയില്‍ നിന്ന് 5 ലക്ഷമാക്കി ഉയര്‍ത്തുന്ന കേരള നദീസംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും (ഭേദഗതി) ബില്‍ നിയമസഭ ചര്‍ച്ച ചെയ്ത് സബ്ജക്ട് കമ്മിറ്റിക്കു വിട്ടു. ചട്ടലംഘനം തുടരുന്ന ഓരോ ദിവസത്തിനും 1000 രൂപയായിരുന്ന അധിക പിഴ 50,000 ആയി വര്‍ധിപ്പിക്കും. കണ്ടുകെട്ടുന്ന മണലിന്റെ മതിപ്പുവില കലക്ടര്‍ക്കു നിശ്ചയിക്കാം. തുടര്‍ന്ന് ലേലം ചെയ്ത് സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ നല്‍കാമെന്നും മന്ത്രി കെ.രാജന്‍ അവതരിപ്പിച്ച ബില്ലിലുണ്ട്.
·1964നും 2005നും ഇടയില്‍ മിച്ചഭൂമി വിലയ്ക്കു വാങ്ങിയ വ്യക്തിക്ക് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട ലാന്‍ഡ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന 2021-ലെ കേരള ഭൂപരിഷ്‌കരണ (ഭേദഗതി) ബില്ലും സബ്ജക്ട് കമ്മിറ്റിക്കു വിട്ടു. 1964 ന് മുന്‍പ് കൈവശം വച്ചതോ അതിന് ശേഷം വിലയ്ക്ക് വാങ്ങിയതോ ആയ മിച്ചഭൂമിയുടെ (4 ഏക്കര്‍ വരെ) ഉടമയെ കുടിയാനായി കണക്കാക്കി ക്രയസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നേരത്തെ വ്യവസ്ഥ കൊണ്ടുവന്നിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് ലാന്‍ഡ് ട്രൈബ്യൂണല്‍ പുറപ്പെടുവിക്കുന്ന ഉത്തരവ് ചോദ്യം ചെയ്യാന്‍ നിലവില്‍ വ്യവസ്ഥ ഉണ്ടായിരുന്നില്ല. മന്ത്രി കെ.രാജനാണ് ബില്‍ അവതരിപ്പിച്ചത്.