പടിഞ്ഞാറത്തറ പഞ്ചായത്തില്‍ യു.ഡി.എഫിന് ഭരണം

0

പടിഞ്ഞാറത്തറ പഞ്ചായത്ത് ഭരണം മുന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും യു.ഡി.എഫ് കൈകളിലേക്ക്. യുഡിഎഫ് പിന്തുണയോടെ എം.സി നൗഷാദ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ആറിനെതിരെ ഒമ്പത് വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. ബി ജെ പി അംഗം വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. എല്‍.ഡി.എഫ് സ്വതന്ത്രനായി നിന്നു മത്സരിച്ച് ജയിച്ച വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരിക്കെ സ്ഥാനം രാജി വെച്ച് യു.ഡി.എഫിലെത്തിയ എം.പി നൗഷാദാണ് പുതിയ പ്രസിഡന്റ്. നൗഷാദ് മുസ്ലിംലീഗ് അംഗത്വമെടുക്കുമെന്നാണ് യു.ഡി.എഫുമായുള്ള ധാരണ. ആദ്യ രണ്ടര വര്‍ഷത്തിന് ശേഷം പ്രസിഡന്റ് പദവി നല്‍കാമെന്ന വാക്ക് പാലിച്ചില്ലെന്നാരോപിച്ചാണ് നൗഷാദ് എല്‍.ഡി.എഫ് ബന്ധം അവസാനിപ്പിച്ചത്. പിന്നീട് യുഡിഎഫുമായി സഹകരിച്ച് കൊണ്ടു വന്ന അവിശ്വാസപ്രമേയത്തിലൂടെ പ്രസിഡന്റിനെ പുറത്താക്കുകയായിരുന്നു. ഇടതുമുന്നണി പിന്തുണയോടെ വിജയിച്ച മുസ്ലിം ലീഗ് വിമതയായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമാ പൊന്നാണ്ടിയും ലീഗില്‍ തിരിച്ചെത്തിയതോടെ യുഡിഎഫിിന്റെ അംഗ ബലം 9 ആവുകയായിരുന്നു. ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ നൗഷാദിന്റെ പേര് കോണ്‍ഗ്രസ്സിലെ ജോസഫ് നിര്‍ദ്ദേശിക്കുകയും ഹാരിസ് കണ്ടിയന്‍ പിന്താങ്ങുകയും ചെയ്തു.എല്‍ഡിഎഫില്‍ നിന്നും മത്സരിച്ച മുന്‍ പ്രസിഡന്റ് പി ജി സജേഷിന് 6 വോട്ടുകളാണ് ലഭിച്ചത്.ബിജെപിയുടെ ഏക അംഗം വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നതോടെ ആറിനെതിരെ ഒമ്പതി വോട്ടുകള്‍ നേടിയ നൗഷാദ് വിജയിക്കുകയായിരുന്നു. വരണാധികാരി ജില്ലാ മണ്ണ് പരിശോധനകേന്ദ്രത്തിലെ അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ് ഗുണശേഖരനില്‍ നിന്നും സത്യവാചകം ചൊല്ലി നൗഷാദ് ചുമതലയേറ്റു. പിന്നീട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനവും നടത്തി. ശകുന്തളാ ഷണ്‍മുഖന്‍, മുഹമ്മദ് ബഷീര്‍, അബ്ദുറഹ്മാന്‍,ജോണ്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. നേരത്തെ ലീഗ് നിലപാടിനെതിരെ കോണ്‍ഗ്രസ് അംഗം രംഗത്തെത്തിയത് ഭരണ മാറ്റത്തില്‍ ആശങ്കസൃഷ്ടിച്ചിരുന്നെങ്കിലും ജില്ലാ നേതൃത്വം ഇടപെട്ടാണ് പ്രശ്നപരിഹാരമുണ്ടാക്കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!