മഹാരാഷ്ട്രയില്‍ നിന്ന് പതിനായിരത്തില്‍പ്പരം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്. റോഡ് മാര്‍ഗമാണ് കര്‍ഷകര്‍ രാജ്യതലസ്ഥാനം ലക്ഷ്യമാക്കി നീങ്ങുന്നത്. ഡല്‍ഹിയിലെ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ വൈകിട്ടോടെയാണ് മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് മൂവായിരത്തില്‍പ്പരം കര്‍ഷകര്‍ പുറപ്പെട്ടത്. നാസിക്കില്‍ നിന്ന് നാല്‍പത് കിലോമീറ്റര്‍ അകലെയുള്ള ചാന്ദ്വാഡയില്‍ കര്‍ഷകര്‍ രാത്രിയില്‍ തങ്ങി. ഇന്ന് ചാന്ദ്വാഡയില്‍ നിന്ന് ഏഴായിരം കര്‍ഷകര്‍ കൂടി യാത്രയില്‍ അണിചേരും.
മുംബൈയിലെ പ്രധാന വ്യാപാര കേന്ദ്രമായ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ കോര്‍പറേറ്റുകളുടെ ഓഫീസുകള്‍ കര്‍ഷകര്‍ ഇന്ന് ഉപരോധിക്കും. അതേസമയം, പ്രശ്‌നപരിഹാര ചര്‍ച്ചയുടെ കാര്യത്തില്‍ ഇതുവരെയും തീരുമാനമായില്ല. കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും, കത്തില്‍ പുതുതായി ഒന്നുമില്ലെന്നാണ് കര്‍ഷക സംഘടനകളുടെ പൊതുവികാരം. പ്രക്ഷോഭത്തില്‍ സജീവമായിരുന്ന ഹക്കം സിംഗ് എന്ന കര്‍ഷകന്‍ പ്രായാധിക്യത്തെ തുടര്‍ന്നുള്ള അവശതകള്‍ കാരണം മരിച്ചു. ഇതോടെ സമരവുമായി ബന്ധപ്പെട്ട് മരിച്ച കര്‍ഷകരുടെ എണ്ണം മുപ്പത്തിനാലായി.