അതിവേഗ കൊവിഡ് വ്യാപനം; ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ താത്കാലികമായി റദ്ദാക്കും

0

അതിവേഗ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്ക്കാലികമായി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഇന്ന് അര്‍ധരാത്രി പ്രാബല്യത്തില്‍ വരും. വരാനിരിക്കുന്ന ആഘോഷങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. മഹാരാഷ്ട്രയില്‍ രാത്രികാല കര്‍ഫ്യൂ പുനരാരംഭിച്ചു. ബ്രിട്ടനില്‍ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ ആശങ്കയിലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങങ്ങളുടെ നടപടി.

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ബ്രിട്ടനിലേക്ക് ഡിസംബര്‍ 31 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി. ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായി വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയമാകണമെന്നും ക്വാറന്റീനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്. ബ്രിട്ടനില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന് നിര്‍ബന്ധമാക്കിക്കൊണ്ട് ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി .ക്രിസ്മസ്-പുതുവത്സരാ ഘോഷങ്ങള്‍ കണക്കിലെടുത്ത് മഹാരാഷ്ട്രയില്‍ ജനുവരി 5 വരെ രാത്രി 11 മണി മുതല്‍ രാവിലെ ആറ് വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

ഡല്‍ഹിയും രാജസ്ഥാനും ആഘോഷങ്ങള്‍ വീട്ടിലാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി. നിയന്ത്രണങ്ങളില്‍ വീഴ്ച സംഭവിച്ചാല്‍ ആഘോഷങ്ങള്‍ കഴിയുമ്പോള്‍ രോഗബാധ വര്‍ധിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍ .കഴിഞ്ഞ 24 മണിക്കൂറില്‍ മഹാരാഷ്ട്രയില്‍ 2234ഉം ബംഗാളില്‍ 1515ഉം തമിഴ്‌നാട്ടില്‍ 1071ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!