ആദിവാസി യുവാവ് മരിച്ച സംഭവം: മൂന്ന് പേര്‍ കൂടി അറസ്റ്റില്‍.
ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ നായാട്ടു സംഘത്തിലുണ്ടായിരുന്ന മൂന്ന് പേരെ കൂടി തലപ്പുഴ എസ്.ഐ സി.ആര്‍. അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. എടത്തന പോരൂര്‍ എടത്തന കോളനിയിലെ ജയന്‍ (38), കാപ്പാട്ടുമല മക്കോല കളപ്പുര കോളനിയിലെ വിജയന്‍ (33), കാപ്പാട്ടുമല മക്കോല കളപ്പുര കോളനിയിലെ ബാലന്‍ എന്നിവരാണ് അറസ്റ്റിലായത്. മുഖ്യ പ്രതിയായ സുമേഷ് (32) ഞായറാഴ്ച അറസ്റ്റിലായിരുന്നു. കാപ്പാട്ടുമല തലക്കാംകുനി അച്ചപ്പന്റെ മകന്‍ കേളു (38) നെയാണ് പേര്യ വള്ളിത്തോട് ദുര്‍ഗാഭഗവതി ക്ഷേത്രത്തിന് സമീപം വനത്തോട് ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ വെളളിയാഴ്ച രാവിലെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃഗവേട്ടയ്ക്കിടെ അബദ്ധത്തില്‍ വെടിയേറ്റതെന്നാണ് സൂചന. കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാം, തലപ്പുഴ എസ്.ഐ സി.ആര്‍.അനില്‍കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.