തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യഘട്ട പ്രചാരണത്തിന് സമാപനം കുറിച്ചു മുന്നണികള്‍ ഇന്ന് സൈബര്‍ ഇടങ്ങളില്‍ ഏറ്റുമുട്ടും
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിന് സമാപനം കുറിച്ചു മുന്നണികള്‍ ഇന്ന് സൈബര്‍ ഇടങ്ങളില്‍ ഏറ്റുമുട്ടും. വെബ്റാലിയും വെര്‍ച്വല്‍ റാലിയുമായാണ് എല്‍ഡിഎഫും യുഡിഎഫും പോര്‍ക്കളം തീര്‍ക്കുന്നത്. നാളെയായിരുന്നു കൊട്ടിക്കലാശം നടക്കേണ്ടിയിരുന്നത്.
കൊണ്ടും കൊടുത്തും പ്രചാരണരംഗത്ത് മുന്നേറിയ മുന്നണികള്‍ ഇന്ന് സൈബര്‍ ഇടങ്ങളില്‍ കലാശക്കൊട്ടിന് സമാനമാംവിധം ഏറ്റുമുട്ടും. കൊവിഡ് കാല നിയന്ത്രണങ്ങള്‍ ശക്തമായതിനാല്‍ തെരഞ്ഞെടുപ്പുകാലത്തെ പൊതു യോഗങ്ങളും റാലികളും സൈബര്‍ ഇടങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ് മുന്നണികള്‍.
സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ 50 ലക്ഷം പേരെ പങ്കെടുപ്പിച്ചുളള വെബ്റാലി സംഘടിപ്പിക്കുകയാണ് ഇന്ന് ഇടതുമുന്നണി. വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് വെബ്റാലി. അതേസമയം, സര്‍ക്കാരിന്റെ അഴിമതികള്‍ തുറന്നുകാട്ടിയുള്ള കുറ്റപത്രം സമര്‍പ്പിക്കുന്ന വെര്‍ച്വല്‍ റാലിക്കുളള തയാറെടുപ്പിലാണ് യുഡിഎഫ്. ഇന്നുച്ചയ്ക്ക് 12 മുതല്‍ ഒരു മണിവരെ നടക്കുന്ന വെര്‍ച്വല്‍ റാലിയില്‍ അഞ്ചുലക്ഷം പേരെ യുഡിഎഫ് പങ്കെടുപ്പിക്കും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമുള്‍പ്പെടെയുള്ളവര്‍ പരിപാടികളില്‍ സംബന്ധിക്കും.
പരസ്യ പ്രചാരണം നാളെയും തുടരുമെങ്കിലും കാടിളക്കിയുളള ഏറ്റുമുട്ടലുണ്ടാവില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം കൊട്ടിക്കലാശത്തിനും ആള്‍ക്കൂട്ടത്തിനും അനുമതി നിഷേധിച്ചിട്ടുണ്ട്. ആദ്യഘട്ട തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഓരോ വോട്ടുമുറപ്പിക്കുന്നതിനുളള അവസാനവട്ട ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും.