സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്; ഉത്തര്‍പ്രദേശ് സര്‍ക്കാരിനും പൊലീസിനും സുപ്രീംകോടതി നോട്ടീസ്
മാദ്ധ്യമപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്‌ത കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനും പൊലീസിനും സുപ്രീംകോടതി നോട്ടീസയച്ചു. വെളളിയാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് കേരള പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹാജരായത്.
കാപ്പനെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കുറ്റപത്രത്തില്‍ വ്യക്തമായ കാരണങ്ങളൊന്നും ചൂണ്ടിക്കാട്ടുന്നില്ല. കാപ്പന്‍ ആക്രമണമുണ്ടാക്കാനാണ് എത്തിയതെന്ന് പറയുമ്ബോള്‍ പോലും അത് വ്യക്തമാക്കാനുളള തെളിവുകള്‍ പൊലീസിന്റെ പക്കലില്ല. 42 ദിവസമായി ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍ ജയിലില്‍ കഴിയുകയാണ്. കോടതി അടിയന്തരമായി ഇടപെടണം എന്നായിരുന്നു കപില്‍സിബല്‍ ആവശ്യപ്പെട്ടത്.
എവിടെയാണ് കാപ്പന്‍ ഇപ്പോഴുളളതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റേയും പൊലീസിന്റേയും മറുപടി എന്താണെന്ന് പരിശോധിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസിന്റെ മെരിറ്റിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. സര്‍ക്കാര്‍ നിലപാട് അറിഞ്ഞ ശേഷം തീരുമാനമെടുക്കാം എന്നു പറഞ്ഞാണ് കോടതി കേസ് വെളളിയാഴ്ചത്തേക്ക് മാറ്റിയത്